ന്യൂയോർക്ക് : ഡെമോക്രാറ്റിക് പാർട്ടി വിട്ടു സ്വതന്ത്രയായി ഇരിക്കാൻ തീരുമാനിച്ച അരിസോണ സെനറ്റർ കിർസ്റ്റൻ സിനെമ ഉപരിസഭയിൽ തന്റെ വോട്ടുകളിൽ 93.1 ശതമാനവും നൽകിയത് പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചായിരുന്നുവെന്നു സ്ഥിതിവിവര കണക്കുകൾ വിലയിരുത്തുന്ന 'ഫൈവ്തർട്ടിഎയ്റ്റ്' വെബ്സൈറ്റ് പറയുന്നു. മറ്റു അഞ്ചു ഡെമോക്രാറ്റിക് സെനറ്റർമാരെക്കാൾ കൂടുതൽ പിന്തുണ അവർ ബൈഡനു നൽകി എന്നാണ് വിശകലനം.
ന്യു ജഴ്‌സിയിൽ നിന്നു ജയിച്ച റെപ്. ജെഫേഴ്സൺ വാൻ ഡ്രൂ 2019ൽ ഡെമോക്രാറ്റിക് പാർട്ടിയെ ഉപേക്ഷിച്ചു റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്തു തുടങ്ങി. സിനെമ പക്ഷെ വെള്ളിയാഴ്ച പറഞ്ഞതു താൻ റിപ്പബ്ലിക്കൻ പാർട്ടിയുമായി ചേരുകയില്ല എന്നാണ്. "എന്റെ മൂല്യങ്ങളോ പെരുമാറ്റമോ തീരെ മാറാൻ പോകുന്നില്ല."
അങ്ങിനെയെങ്കിൽ ഡെമോക്രാറ്റിക് പാർട്ടിക്കു 100 അംഗ സെനറ്റിൽ 51 സീറ്റ് തന്നെ ഉറപ്പാക്കാം. വൈറ്റ് ഹൗസിന്റെ പ്രതികരണത്തിൽ അതു വ്യക്തമാണ്: "പ്രസിഡന്റ് ബൈഡനും മറ്റു ഉദ്യോഗസ്ഥരും തുടർന്നും അവരോടൊപ്പം വിജയകരമായി പ്രവർത്തിക്കും."
എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി 50-50 സംഖ്യാബലത്തിൽ പ്രവർത്തിക്കുന്ന സെനറ്റിൽ സിനെമ ഡെമോക്രാറ്റുകൾക്കു തലവേദന ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുടെ ഏറ്റവും വലിയ നിയമനിർമാണത്തിൽ അവർ കടുത്ത തടസങ്ങളുമായി മുന്നോട്ടു വന്നു. ബിൽഡ് ബാക്ക് ബെറ്റർ എന്ന ബൈഡന്റെ പ്രിയപ്പെട്ട പദ്ധതിയിൽ തടസം സൃഷ്ടിച്ച അവർ അദ്ദേഹം നാമനിർദേശം ചെയ്യുന്നവരെ സ്ഥിഥിരീകരിക്കാൻ 50നു പകരം 60 വോട്ട് വേണമെന്ന വാദം ഉന്നയിച്ചു.
സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമാർക്കാണ് സിനെമ തലവേദനയാകാവുക. എല്ലാ വിഷയത്തിലും അദ്ദേഹം അവരുടെ പിന്തുണ ഉറപ്പാക്കേണ്ടി വരും. സിനെമയ്ക്കു നിലവിലുള്ള സെനറ്റ് കമ്മിറ്റികളിൽ തുടരാമെന്ന് ഷൂമാർ വെള്ളിയാഴ്ച പറഞ്ഞു.
അതിനിടെ അരിസോണയിൽ നിന്നുള്ള ഹൗസ് അംഗം റൂബൻ ഗായഗോ അവർക്കെതിരെ ആഞ്ഞടിച്ചു. അരിസോണ വോട്ടർമാർക്കു വേണ്ടി നിലകൊള്ളുമെന്നു പറയുന്ന സിനെമയ്ക്കു സ്വന്തം താല്പര്യങ്ങൾക്കപ്പുറം ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2024 ൽ ഗായഗോ സെനറ്റിലേക്കു മത്സരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കിൽ പാർട്ടി പ്രൈമറികളിൽ തീപ്പൊരി പാറുന്ന ഏറ്റുമുട്ടൽ ഉണ്ടാവും. "വോൾ സ്ട്രീറ്റ് ബാങ്കർമാരുടെയും പണച്ചാക്കുകളുടെയും സ്ഥാനാർഥികളെ നമുക്കു വേണ്ട," ഗായഗോ പറഞ്ഞു.
സിനെമ അരിരിസോണക്കാരെ തഴഞ്ഞെന്നു സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടിയും പറഞ്ഞു. "പല വിഷയങ്ങളിലും അവർ ജനവിരുദ്ധ നിലപാടാണ് എടുത്തത്. കോർപറേഷനുകളുടെയും കോടീശ്വരന്മാരുടെയും സ്ഥാനാർത്ഥിയാണ് അവർ."