കാനഡ: കാനഡയിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിൽ 40 വയസുള്ള സിക്ക് വീട്ടമ്മ കുത്തേറ്റു മരിച്ചു. 66 അവന്യുവിലുള്ള വീട്ടിൽ ബുധനാഴ്ച രാത്രി 9.30നാണു നിരവധി തവണ കുത്തേറ്റു രക്തം വാർന്ന നിലയിൽ ഹർപ്രീത് കൗറിനെ കണ്ടെത്തിയതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലിസ് സി ബിസി ന്യൂസിനോടു പറഞ്ഞു.
കൗറിന്റെ ഭർത്താവിനെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു കൗർ മരിച്ചത്. പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നു സാർജന്റ് തിമോത്തി പിയറോട്ടി പറഞ്ഞു . കുടുംബ കലഹമാണോ എന്ന അന്വേഷണവും അതിന്റെ ഭാഗമാണ്. " കുടുംബങ്ങളിൽ നടക്കുന്ന അക്രമങ്ങളെ പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾ കുടുംബങ്ങളെയും മരിച്ചവരുടെ സുഹൃത്തുക്കളെയും മാത്രമല്ല ബാധിക്കുന്നത്, സമൂഹത്തെ മൊത്തത്തിലാണ്."
ഈ കൊലപാതകത്തിനു രണ്ടു ദിവസം മുൻപാണ് വിദ്യാർഥിനിയായ സിക്ക് യുവതി പവൻപ്രീത് കൗർ (21) മിസിസൗഗയിൽ ഗ്യാസ് സ്റ്റേഷനിൽ വച്ചു തോക്കിനിരയായത്. കൗറിനെ വടിവച്ചു വീഴ്ത്തിയ ശേഷം കൊലയാളി നടന്നു പോയി എന്നാണ് ആദ്യ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. അയാളെ കണ്ടു കിട്ടിയിട്ടില്ല.
സറേയിൽ തന്നെ കഴിഞ്ഞ മാസം 18 വയസുള്ള സിക്ക് വിദ്യാർഥി മെഹക്പ്രീത് സേഥി കുത്തേറ്റു മരിച്ചു.