ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഇടം പിടിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതി ഇനി മൊറോക്കോയ്ക്ക് സ്വന്തം. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ സ്വപ്ന നേട്ടം.
42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസീരിയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഇതിനു ശേഷം പ്രതിരോധം കൂടുതല്‍ ശക്തമാക്കിയ മൊറോക്കോ, പോര്‍ച്ചുഗീസ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തു.
ഒരിക്കല്‍ക്കൂടി സൂപ്പര്‍ താരം ക്രിസ്ററ്യാനോ റൊണാള്‍ഡോയെ സൈഡ് ബെഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗീസ് കോച്ച് ഫെര്‍ണാണ്‍ടോ സാന്റോസ് ഫസ്ററ് ഇലവനെ ഇറക്കിയത്. എന്നാല്‍, കളി കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രിസ്ററ്യാനോയെ കളത്തിലിറക്കി.
വന്നയുടന്‍ തന്നെ ഇടതു വിങ്ങിലൂടെ ഒരു അതിവേഗ മുന്നേറ്റം നടത്തി ക്രിസ്റ്റ്യാനോ നല്‍കിയ ക്രോസ് വലയിലേക്കു തിരിച്ചുവിടാന്‍ ആര്‍ക്കുമായില്ല. പിന്നീടും മൂന്നിലധികം അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ക്രിസ്ററ്യാനോയ്ക്കു സാധിച്ചെങ്കിലും കൃത്യമായി കണക്റ്റ് ചെയ്യുന്നതില്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ പരാജയപ്പെട്ടു.
തന്റെ അവസാനത്തേതാകുമെന്ന് ഏറെക്കുറെ ഉറപ്പുള്ള ലോകകപ്പില്‍നിന്ന് കണ്ണീരോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിടവാങ്ങിയത്.