ന്യൂയോർക്ക് : ഐഡഹോയിൽ നാലു വിദ്യാർഥികളെ കൊല ചെയ്തത് ആരെന്നു കണ്ടെത്താൻ നാലാഴ്ച കഴിഞ്ഞിട്ടും സാധിച്ചില്ലെങ്കിലും ആക്രമണം വീണ്ടും ഉണ്ടാകാമെന്നും ജനങ്ങൾ കരുതലോടെ ഇരിക്കണമെന്നും മോസ്കൊ പൊലീസ് താക്കീതു നൽകി. ശൈത്യകാല ആഘോഷങ്ങൾ ആരംഭിക്കയും യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ വീണ്ടും തുടങ്ങുകയും ചെയ്ത നേരത്താണ് ഈ താക്കീത്.
/sathyam/media/post_attachments/DaA09RbQ1ldI3Ba0IAQm.jpg)
യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയ്ക്കു സമീപത്തു വിദ്യാർഥികൾ വാടകകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിലാണ് കൊല നടന്നത്. ഈ പ്രദേശത്തു ആളുകൾ ഒറ്റയ്ക്കു സഞ്ചരിക്കരുതെന്നു മോസ്കൊ പോലീസ് മേധാവി ജെയിംസ് ഫ്രൈ പറഞ്ഞു. കൂടുതൽ പോലീസിനെ തെരുവിൽ വിന്യസിച്ചെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ അന്വേഷണത്തിൽ മുഴുകിയിരിക്കയാണ്," അദ്ദേഹം പറഞ്ഞു. അൻപതോളം എഫ് ബി ഐ ഏജന്റുമാരും രംഗത്തുണ്ട്. പക്ഷെ ഇതു വരെ കൊലയാളിയെയോ കൊലയാളികളെയോ കുറിച്ച് ഒരു സൂചനയും ഇല്ല.
കയ്‌ലി ഗോൺസാൽവസ്, മാഡിസൺ മോഗൻ, സന കെർനോഡ്ൽ, എതാൻ ചാപ്പിൻ എന്നിവർ നവംബർ
13 അർധരാത്രിക്കു ശേഷമാണു കത്തിക്കുത്തേറ്റു മരിച്ചത്. നാലു പേരും ഉറക്കത്തിൽ ആയിരുന്നുവെന്നാണ് നിഗമനം.
യൂണിവേഴ്സിറ്റിയിൽ ശൈത്യകാല ക്ലാസുകൾ ആരംഭിച്ചതോടെ നഗരം വിട്ടു പോയിരുന്ന വിദ്യാർഥികൾ തിരിച്ചെത്തി. ടൂറിസ്റ്റുകളും എത്തുന്നുണ്ട്.
അതിനിടെ കൊല നടന്ന കെട്ടിടത്തിനു സമീപം താമസിക്കുന്ന ഒരാൾ പുതുതായി മൊഴി നൽകാനെത്തി. പുലർച്ചെ ഒന്നരയ്ക്കു ജോലി കഴിഞ്ഞെത്തിയ താൻ കുറെ നേരം കഴിഞ്ഞപ്പോൾ ഒരു നിലവിളി കേട്ടതായി ഇനാൻ ഹർഷ് (30) ശനിയാഴ്ച 'ഐഡഹോ സ്റ്റേറ്റ്സ്മാൻ' പത്രത്തോട് പറഞ്ഞു. വിദ്യാർഥികൾ പാർട്ടി നടത്തിയതിന്റെ ശബ്ദമായിരിക്കും എന്നു കരുതി നാലു മണിയോടെ ഇറങ്ങാൻ പോയി.
"ആരെങ്കിലും സഹായത്തിനു വേണ്ടി നിലവിളിച്ചതാവാമെന്നു അപ്പോൾ തോന്നിയില്ല." വീടിനടുത്തു മുൻപ് കണ്ടിട്ടില്ലാത്ത വിലപിടിച്ച കറുത്ത എസ യു വി പാർക്ക് ചെയ്തിരുന്നു. അക്കാര്യം പോലീസിനോട് പറഞ്ഞു. എന്നാൽ നിലവിളിയെ കുറിച്ച് പറഞ്ഞില്ല. അതേപ്പറ്റി സംശയം ഉണ്ടായിരുന്നില്ല.