ന്യൂയോർക്ക് : ഖത്തറിൽ ലോക കപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ യുഎസ് പത്രപ്രവർത്തകൻ ഗ്രാന്റ് വോൾ (48) കുഴഞ്ഞു വീണു മരിച്ചതിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ചില സംശയങ്ങൾ ഉയർത്തി. വോളിന്റെ ഭാര്യയും പ്രശസ്ത പകർച്ചവ്യാധി ചികിത്സാ വിദഗ്ധയുമായ ഡോക്ടർ സെലിൻ ഗൗണ്ടർ കടുത്ത ആഘാതത്തിലാണ്.
"ഞാൻ പൂർണമായും ആഘാതത്തിലാണ്," ഇന്ത്യൻ പിതാവിന്റെയും ഫ്രഞ്ച് മാതാവിന്റെയും പുത്രിയായ
സെലിൻ പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് 19 നിയന്ത്രണ ഉപദേശക സമിതി അംഗവുമാണ് അവർ.
വ്യാഴാഴ്ച രാത്രി അർജന്റീനയും നെതെർലാൻഡ്‌സും തമ്മിൽ ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ മത്സരം റിപ്പോർട്ട് ചെയ്യുമ്പോൾ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു വോൾ. "അദ്ദേഹം കൊല്ലപ്പെട്ടതാണെന്നു ഞാൻ വിശ്വസിക്കുന്നു," സഹോദരൻ എറിക് വോൾ പറഞ്ഞു.
കിംഗ് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 48 ആം പിറന്നാൾ ആഘോഷിച്ചു രണ്ടു ദിവസമേ കഴിഞ്ഞിരുന്നുള്ളൂ.
യുഎസ് ടീമിന്റെ ആദ്യ മത്സരം റിപ്പോർട്ട് ചെയ്യാൻ എത്തിയ ദിവസം വോളിനെ തടഞ്ഞു വച്ചിരുന്നു. അദ്ദേഹം ധരിച്ചിരുന്ന മഴവിൽ അടയാളമുള്ള ഷർട്ട് മട്ടൻ സുരക്ഷാ ഭടന്മാർ ആവശ്യപ്പെട്ടു. സ്വവർഗാനുരാഗികളെ നിരോധിച്ചിട്ടുള്ള ഖത്തറിൽ ഈ ചിത്രത്തിനു നിരോധനമുണ്ട്.
സി ബി എസിനും സ്പോർട്സ് ഇലസ്ട്രേറ്റഡിനും വേണ്ടി റിപ്പോർട്ട് ചെയ്യുന്ന വോളിനെ സുരക്ഷാ ഭടന്മാർ ചീത്ത വിളിക്കയും അദ്ദേഹത്തിന്റെ ഫോൺ പിടിച്ചു വാങ്ങുകയുംചെയ്തു. എറിക് വോൾ ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറഞ്ഞു: "എന്റെ പേര് എറിക് വോൾ. ഞാൻ സിയാറ്റിലിൽ താമസിക്കുന്നു. ഗ്രാന്റ് വോളിന്റെ സഹോദരനാണ്. ഞാൻ സ്വവര്ഗാനുരാഗിയാണ്. എന്നെ കരുതിയാണ് അയാൾ അന്ന് മഴവിൽ ഷർട്ട് ധരിച്ചത്. "ഗ്രാന്റ് ആരോഗ്യവാൻ ആയിരുന്നു. വധഭീഷണി ലഭിച്ചതായി അയാൾ എന്നോട് പറഞ്ഞിരുന്നു. എന്റെ സഹോദരൻ വെറുതെ കുഴഞ്ഞു വീണു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല.
അയാൾ കൊല്ലപ്പെട്ടതാണ്".
ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്ന് എറിക് വോൾ അഭ്യർഥിച്ചു. "ഞങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്മെന്റിനോട് സംസാരിച്ചു. സെലിൻ വൈറ്റ് ഹൗസിൽ റോൺ ക്ലെയ്‌നെ ബന്ധപ്പെട്ടു."
ലോക കപ്പിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ കൊല്ലപ്പെട്ട ആയിരക്കണക്കിനു വിദേശ തൊഴിലാളികളുടെ
മരണത്തിൽ അന്വേഷണം വേണമെന്ന് ഗ്രാന്റ് വോൾ ആവശ്യപ്പെട്ടിരുന്നു. "അവർക്കൊരു കുലുക്കവുമില്ല," ഖത്തറിന്റെ പ്രതികരണത്തെ കുറിച്ച് വോൾ എഴുതി.നെഞ്ചിൽ കഫക്കെട്ടിനു കഴിഞ്ഞ ആഴ്ച ചികിത്സ തേടിയെന്ന് വോൾ വെളിപ്പെടുത്തിയിരുന്നു.വോളും സെലിനും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്. 2012 ൽ വിവാഹിതരായി. രാഷ്ട്ര മീമാംസ ആയിരുന്നു വോളിന്റെ വിഷയം. സെലിൻ പഠിച്ചത് മോളിക്കുലർ ബയോളജി. ന്യു യോർക്കിലാണ് അവർ താമസിച്ചിരുന്നത്.
ബൈഡന്റെ ഉപദേഷ്ടാവ് എന്നതിന് പുറമെ നിരവധി ചുമതലകൾ സെലിൻ വഹിച്ചിട്ടുണ്ട്. ന്യു യോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ അസോസിയേറ്റ് പ്രഫസറാണ്. ബെലീവ് ഹോസ്പിറ്റൽ സെന്ററിൽ പോകുന്നുണ്ട്. സി ബി എസിനു വേണ്ടി മെഡിക്കൽ ന്യൂസ് നൽകുന്നുണ്ട്.
വോളിന്റെ നിര്യാണത്തിൽ യുഎസ് സോക്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഖത്തറിൽ അദ്ദേഹം ഇരിക്കാറുണ്ടായിരുന്ന സ്റേഡിയത്തിലെ കസേരയിൽ ചിത്രവും പൂക്കളും വച്ച് ഫിഫ ആദരാഞ്ജലി അർപ്പിച്ചു.