ന്യൂയോർക്ക് : അരിസോണ ഗവർണർ സ്ഥാനത്തേക്കു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ചു തോറ്റ കാരി ലേക്ക് തിരഞ്ഞെടുപ്പ് ഫലം കോടതിയിൽ ചോദ്യം ചെയ്‌തു. ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച അവർ പറയുന്നത് തിരഞ്ഞെടുപ്പിലെ തീർപ്പു നിയമവിരുദ്ധമാണ് എന്നാണ്.
"തിരഞ്ഞെടുപ്പു പ്രക്രിയ തന്നെ നിയമവിരുദ്ധമാണ്. അത് കൊണ്ട് തന്നെ ഫലവും നിയമവിരുദ്ധമാണ്," ട്രംപിന്റെ നിലപാടുകളോട് ചേർന്നു നിൽക്കുന്ന ലേക്ക് പറഞ്ഞു.
ഡെമോക്രാറ്റ് കേറ്റി ഹോബ്‌സ് 17,117 വോട്ടിനു ജയിച്ച തിരഞ്ഞെടുപ്പിൽ ഒട്ടേറെ ക്രമക്കേടുകൾ ലേക്ക് ആരോപിക്കുന്നു. ഹോബ്‌സും മാരികോപ കൗണ്ടി ഉദ്യോഗസ്ഥൻ സ്റ്റീഫൻ റിച്ചറുമാണ് പ്രതികൾ.
ട്രംപിനെ ഒഴിവാക്കി
അതേ സമയം ന്യു യോർക്കിൽ, ട്രംപിനെതിരെ കോർട്ടലക്ഷ്യ നടപടി ആവശ്യപ്പെടുന്ന നീതിന്യായ വകുപ്പിന്റെ (ഡി ഓ ജെ) അപേക്ഷ സ്വീകരിക്കാൻ ഫെഡറൽ ജഡ്ജ് ബെറിൽ ഹോവെൽ തയാറായില്ല. വൈറ്റ് ഹൗസിൽ നിന്നു കൊണ്ടുപോയ രേഖകൾ തിരിച്ചു കൊടുക്കണം എന്ന മെയ് മാസത്തിലെ കോടതി ഉത്തരവ് അവഗണിച്ചതിനാണ് ഡി ഓ ജെ നടപടി ആവശ്യപ്പെട്ടത്.
രേഖകൾ എല്ലാം തിരിച്ചു നൽകി എന്നു ഉറപ്പായി പറയാൻ ട്രംപിന്റെ സഹായികളിൽ ആരും തയാറില്ലെന്നു ഡി ഓ ജെ ചൂണ്ടിക്കാട്ടി. എന്നാൽ ഡി ഓ ജെയും ട്രംപും തമ്മിൽ ഭിന്നതകൾ തീർക്കാൻ ഒന്നിച്ചു ശ്രമിക്കണം എന്നാണു കോടതി വിധിച്ചത്. ഒന്നര മണിക്കൂർ രഹസ്യ വാദം നടന്നു.
ശിക്ഷിച്ചാൽ ട്രംപിന് പിഴ ഒടുക്കേണ്ടി വന്നേനെ.
കൂടുതൽ വൈറ്റ് ഹൗസ് രേഖകൾ ട്രംപിന്റെ വീട്ടിൽ ഉണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹായികൾ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ എഫ് ബി ഐ ഫ്ലോറിഡയിലെ വീട്ടിൽ നിന്നു കണ്ടെടുത്തതിനു പുറമെയാണിത്.
എഫ് ബി ഐ നടപടിക്കെതിരായ ട്രംപിന്റെ അപ്പീലുകൾ എല്ലാം തള്ളപ്പെട്ടതോടെ അദ്ദേഹം ആ പോരാട്ടം ഉപേക്ഷിച്ചിരുന്നു.