ന്യൂയോർക്ക് : മിനസോട്ടയിലെ മിനാപോളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ കഴുത്തിൽ കാൽ മുട്ടു കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മുഖ്യപ്രതിക്കു സഹായം നൽകിയ മുൻ പൊലീസ് ഓഫീസർ ജെ. അലക്സാണ്ടർ കുയെങ്ങിനെ കോടതി 42 മാസത്തെ തടവിനു കൂടി ശിക്ഷിച്ചു. ഫ്ലോയ്‌ഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനു ഫെഡറൽ ജയിലിൽ മൂന്നു വർഷത്തെ ശിക്ഷ അനുഭവിച്ചു വരുന്ന കുയെങ് ഈ ശിക്ഷയും അതോടൊപ്പം അനുഭവിച്ചാൽ മതിയെന്നു ഹെന്നെപിൻ കൗണ്ടി കോടതി വെള്ളിയാഴ്ച പറഞ്ഞു.
2020 മെയ് 25നാണു മിനാപോളിസിലെ തെരുവിൽ പൊലീസിന്റെ മൃഗീയതയ്ക്കു ഇരയായി ഫ്ലോയ്ഡ് (46) മരിച്ചത്. വെള്ളക്കാരനായ ഡെറിക് ചോവിൻ എന്ന ഓഫീസർ ഒൻപതു മിനിറ്റിലേറെ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ചു. ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്ഡ് വിളിച്ചു പറഞ്ഞിട്ടും അയാൾ കൂട്ടാക്കിയില്ല.
അന്നു ചോവിന്റെ കൂടെ ഉണ്ടായിരുന്ന കുയെങ്ങും തോമസ് ലെൻ, തൗ താവോ എന്നീ ഓഫീസർമാരും ചോവിനു സഹായം നൽകിയതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി. സംസ്ഥാനം ചുമത്തിയ കുറ്റം ഫ്ളോയ്ഡിനെ കൊലപ്പെടുത്താൻ കുയെങ് ചോവിനെ സഹായിച്ചു എന്നാണ്.
ഫ്ളോയ്ഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനു ചോവിനെ ഫെഡറൽ കോടതി 21 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. അയാൾ ഫെഡറൽ ജയിലിലാണ്. നരഹത്യ കുറ്റത്തിനു 22 വർഷം മൂന്നു മാസത്തെ തടവ് ശിക്ഷ അതിനു പുറമെയുണ്ട്.
കുയെങ്ങും തോമസ് ലെൻ, തൗ താവോ എന്നീ ഓഫീസർമാരും പൗരാവകാശങ്ങൾ ലംഘിച്ചു എന്നു ഫെബ്രുവരിയിൽ ഫെഡറൽ കോടതി കണ്ടെത്തി. ഫ്ളോയ്ഡിനു വൈദ്യസഹായം അത്യാവശ്യമാണെന്ന കാര്യം അവർ മനഃപൂർവം അവഗണിച്ചു എന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഫ്ളോയ്ഡിന്റെ മരണം രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾക്കു തിരികൊളുത്തി. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളിൽ ഉയർന്ന പ്രധാന വിഷയങ്ങൾ വർണ വിവേചനവും പൊലീസിന്റെ ക്രൂരതയുമാണ്.