കാനഡ: കാനഡയുടെ ക്യുബെക് പ്രവിശ്യയിൽ ജനപ്രതിനിധികൾ ഇനി ബ്രിട്ടീഷ് രാജാവിനോടു കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ എടുക്കേണ്ടതില്ല. പ്രവിശ്യാ നിയമസഭ അങ്ങിനെയൊരു തീരുമാനമെടുത്തു.
/sathyam/media/post_attachments/aq0LAbOdXxEvw0a2NOG9.jpg)
സാമാജികർക്കു അത്തരമൊരു പ്രതിജ്ഞ നിർബന്ധമാക്കിയിരുന്ന 1867 ലെ ഭരണഘടനാ വ്യവസ്ഥ സഭ ഭേദഗതി ചെയ്തു. കാനഡയുടെ ഏറ്റവും വലിയ പ്രവിശ്യയിൽ ഇത്തരമൊരു മാറ്റം ഉണ്ടാവുന്നത് രാജ്യം റിപ്പബ്ലിക്കായി മാറണം എന്നു ആവശ്യപ്പെടുന്നവർക്കു പ്രചോദനമാവുന്നു.
രാജാവിനോട് കൂറ് പ്രഖ്യാപിക്കുന്നത് ആധുനിക കാനഡയുടെ സംസ്‌കാരത്തിനു ചേരുന്നതല്ല എന്ന ചിന്താഗതി പ്രബലമായിട്ടുണ്ട്. ക്യുബെക് വേറിട്ട് പോകണം എന്നു ചിന്തിക്കുന്ന പാർട്ടി കുബെക്കോയ് നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ പറഞ്ഞു: "ക്യുബെക്കിന്റെ ജനാധിപത്യ ചരിത്രത്തിൽ മഹത്തായ തീരുമാനമാണിത്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ അവശിഷ്ടമായി നില്കാതെ പ്രവിശ്യ സ്വാതന്ത്ര്യം നേടുന്നതിനുള്ള വലിയൊരു നീക്കം. 12 മിനിറ്റ് കൊണ്ട് തിരുത്താവുന്നതേയുള്ളൂ അത്തരം കാര്യങ്ങൾ."
പ്രവിശ്യയിലെ ഔദ്യോഗിക ഭാഷ തന്നെ ഫ്രഞ്ച് ആണ്. ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിക്കാൻ വിസമ്മതിക്കുക എന്ന ആശയം കാനഡയുടെ മറ്റു 12 പ്രവിശ്യകളിലും കൂടി എത്തിക്കാൻ ക്യുബെക്കിലെ രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചിട്ടുമുണ്ട്.
ബ്രിട്ടനു കീഴിലായിരുന്ന പല കോമൺവെൽത് രാജ്യങ്ങളും രാജാവിനെ ഒഴിവാക്കി റിപ്പബ്ലിക്കാവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ബാർബഡോസ് എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തിന്റ തലപ്പത്തു നിന്ന് ഒഴിവാക്കി. കരീബിയനിലെ പുതിയ റിപ്പബ്ലിക്കിനോടൊപ്പം നീങ്ങാൻ മറ്റു പല രാജ്യങ്ങളും മുന്നോട്ടു വന്നു.
എന്നാൽ കാനഡയിലെ കേന്ദ്ര നേതൃത്വം ബ്രിട്ടീഷ് കിരീടത്തിന്റെ മേധാവിത്വത്തെ തള്ളിക്കളയാൻ തയാറായില്ല. മാറ്റം വേണ്ടെന്നു ഒക്ടോബറിൽ പാര്ലമെന്റ് തന്നെ തീരുമാനിച്ചു. അതെ സമയം, പകുതിയോളം ജനങ്ങൾ റിപ്പബ്ലിക്കാവാൻ അനുകൂലിക്കുന്നു. ക്യുബെക്കിൽ ആവട്ടെ, 79 ശതമാനവും.
ചാൾസ് മൂന്നാമൻ രാജാവായ ശേഷം പ്രതിജ്ഞ എടുക്കാൻ മൂന്നു സാമാജികർ വിസമ്മതിച്ചിരുന്നു. അതെ തുടർന്നാണ് ബിൽ വന്നത്.
പതിനാറാം നൂറ്റാണ്ടിൽ കാനഡ എന്നറിയപ്പെട്ട പ്രവിശ്യയിൽ ആദ്യത്തെ വിദേശ ശക്തി ഫ്രാൻസ് ആയിരുന്നു. 18 ആം നൂറ്റാണ്ടിലാണ് ബ്രിട്ടൻ പിടിച്ചെടുക്കുന്നത്. അതിനു ശേഷം പ്രവിശ്യയായി മാറുമ്പോഴും ക്യുബെക് ബ്രിട്ടീഷ് രാജവംശത്തോടു കൂറ് പ്രഖ്യാപിക്കേണ്ടി വന്നു.