ഡബ്ലിന്‍ : മഞ്ഞും സ്നോയും ചെറുമഴയുമൊക്കെ തുടരുന്ന സാഹചര്യത്തിലും സ്‌കൂളുകളും പൊതുഗതാഗതവും സാധാരണ നിലയില്‍ തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനം. ഭവനമന്ത്രി ഡാരാ ഒ ബ്രിയാന്റെ അധ്യക്ഷതയില്‍ കൂടിയ നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗമാണ് ഈ തീരുമാനമെടുത്തത്.
വിന്ററിന്റെ ആഘാതം വിലയിരുത്തുന്നതിനായാണ് നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്.മെറ്റ് ഏറാന്‍ നിരീക്ഷകരും സര്‍ക്കാര്‍ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചിരുന്നു.പൊതുഗതാഗത സംവിധാനം സാധാരണ നിലയില്‍ തുടരുമെന്നും അപ്‌ഡേറ്റുകള്‍ക്കായി ട്രാന്‍സ്പോര്‍ട്ട് പ്രൊവൈഡര്‍മാരുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ചാനലുകളും നിരീക്ഷിക്കണമെന്നും യോഗം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.സ്‌കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് ഭവന വകുപ്പ് സ്ഥിരീകരിച്ചു.കനത്ത തണുപ്പ് തുടരുന്നതിനാലും,കാര്യമായ മഴ പെയ്യാത്തതിനാലും , വീണുറഞ്ഞ സ്നോ ഉരുകുന്നില്ലാത്ത അവസ്ഥയിലാണ്.
റെഡ് അലേര്‍ട്ടിനുള്ള സാധ്യത ഭവനമന്ത്രി തള്ളിക്കളഞ്ഞു. എനര്‍ജി ഗ്രിഡിലേക്കുള്ള വിതരണം സുസ്ഥിരമാണെന്നും എയര്‍ഗ്രിഡ്, ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ട് എന്നിവയില്‍ നിന്ന് പോസിറ്റീവ് മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.അതേ സമയം ലോക്കല്‍ കൗണ്‍സിലുകള്‍ അവരുടെ ശീതകാല പരിപാലന പദ്ധതികള്‍ സജീവമാക്കി. ആവശ്യമുള്ളിടത്തെല്ലാം വ്യാപകമായ ഗ്രിറ്റിംഗ് തുടരുന്നതിനൊപ്പം പ്ലഫിംഗും തുടരുകയാണ്
തണുപ്പും മഞ്ഞും ;ഓറഞ്ച് അലേര്‍ട്ട് ഇന്ന് ഉച്ചവരെ നീട്ടി, യെല്ലോ അലേര്‍ട്ട് 16വരെ തുടരും
ഡബ്ലിന്‍ : മഞ്ഞുവീഴ്ചയും കൊടുംതണുപ്പും പരിഗണിച്ച് പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് ഇന്ന് ഉച്ചവരെ നീട്ടി.താപനില മൈനസ് അഞ്ച് വരെയെത്തുമെന്നാണ് കാലവസ്ഥാ പ്രവചനം.അതേസമയം രാജ്യത്താകെ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 വരെ നീട്ടിയിട്ടുണ്ട്.
യാത്രാ തടസ്സം, വാട്ടര്‍ പൈപ്പുകള്‍ പൊട്ടാനുള്ള സാധ്യത, എന്‍ജിനുകള്‍ക്ക് കേടുപാടുകള്‍, ദുര്‍ബലരായ ആളുകള്‍ക്ക് അപകടസാധ്യതകള്‍ എന്നിവയ്ക്കെതിരെ കരുതിയിരിക്കണമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.
ഡോണഗേലിലേയും മേയോയിലേയും യെല്ലോ ഐസ്, സ്നോ അലേര്‍ട്ട് ഉച്ചയ്ക്ക് 12 വരെ ബാധകമാകും. രാജ്യത്തെ ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ നീട്ടിയിട്ടുണ്ട്.
ആര്‍ട്ടിക് വായു മര്‍ദ്ദം മൂലം അടുത്ത ആഴ്ച മധ്യം വരെയും അതിശൈത്യം തുടരുമെന്നാണ് പ്രവചനം.കൊടുംതണുപ്പിനൊപ്പം റോഡുകളിലും നടപ്പാതകളിലുമെല്ലാം ഐസിനും ബ്ലാക്ക് ഐസിനുമെല്ലാം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം പറയുന്നു.ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയുമുണ്ടാകും. തീരദേശ കൗണ്ടികളില്‍ ചില സമയങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
അതിനിടെ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ചില ലണ്ടന്‍ – ഹീത്രൂ സര്‍വീസുകള്‍ റദ്ദാക്കി. ഹീത്രൂവിലേക്ക് യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.എല്ലാ യാത്രക്കാരും യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ഫ്ളൈറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ലിംഗസ് അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രാദേശികവും ദേശീയവുമായ കാലാവസ്ഥാ പ്രവചനങ്ങള്‍ അറിയണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ) വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു.ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.