നൈറ്റ് ക്ലബ്ബില്‍ ഭാവി പ്രധാനമന്ത്രി… വിവാദത്തില്‍ കുടുങ്ങി വരദ്കറും ഫിനഗേലും

author-image
athira kk
New Update

ഡബ്ലിന്‍ : പ്രധാനമന്ത്രി പദം പടിക്കലെത്തി നില്‍ക്കേ നൈറ്റ്ക്ലബ് വീഡിയോയുടെ ടിക് ടോക്കിലെത്തിയ ലിയോ വരദ്കര്‍ വിവാദക്കുരുക്കില്‍.

Advertisment

publive-image

പ്രധാനമന്ത്രി ആകുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുണ്ടായ ഈ വിവാദം ഫിനഗേലിനും അസ്വസ്ഥതയായി.ജി പി കരാര്‍ ചോര്‍ത്തിയതിന്റെ വിവാദം ഒഴിയുന്നതിന് മുമ്പേയാണ് നൈറ്റ്ക്ലബ് വീഡിയോയും പുലിവാലായത്. എന്നാല്‍ വിവാദത്തെ ലഘൂകരിക്കുന്ന നിലപാടിലാണ് ലിയോ വരദ്കര്‍. ഇത് തന്റെ പേഴ്സണല്‍ കാര്യമാണെന്നും അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.

ടിഡിമാരെയും മന്ത്രിമാരെയും ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ് ലിയോ വരദ്കര്‍.ഈ രണ്ട് വിവാദ സംഭവങ്ങളും വരദ്കറുടെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തിന് വിഘാതമാകുമോയെന്നാണ് ഇനിയറിയേണ്ടത്.മുന്നണി ധാരണയനുസരിച്ച് 17നാണ് അധികാരക്കൈമാറ്റം നടക്കേണ്ടത്.

ആരും പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും മന്ത്രിമാരും ടിഡിമാരും സെനറ്റര്‍മാരുമെല്ലാം വരദ്കറുടെ നടപടിയില്‍ അതൃപ്തരാണ്.പ്രതിപക്ഷത്തേക്കാള്‍ സ്വന്തം പാര്‍ട്ടിയാണ് ഈ വീഡിയോ വിവാദത്തെ ഗൗരവമായെടുത്തിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഡബ്ലിന്‍ സിറ്റി സെന്ററിലെ ഗേ ബാറില്‍ നിന്നുള്ള വരദ്കറിന്റെ വീഡിയോ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.ടിക് ടോക്കില്‍ നിന്ന് വിവാദ വീഡിയോ നീക്കം ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ അത് വ്യാപകമായി ഷെയര്‍ ചെയ്തു.ഏതാണ്ട് 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

വ്യക്തിപരമെന്ന് പറയുമ്പോഴും ഒരു രാജ്യത്തിന്റെ ഭരണാധികാരിയാകാന്‍ പോകുന്നയാളിന് ഇക്കാര്യത്തില്‍ ചില അതിര്‍വരമ്പുകളുണ്ടാകണമെന്ന് അഭിപ്രായമാണ് മിക്ക ഫിനഗേല്‍ നേതാക്കള്‍ക്കുമുള്ളത്. വേറിട്ട അഭിപ്രായമുള്ളവരുമുണ്ട്.

ഫിനഗേല്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്ന ആള്‍ ഇത്തരം വീഡിയോകളില്‍ വരാന്‍ സാഹചര്യമൊരുക്കിയതെന്ന് ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നു.സ്വകാര്യ ജീവിതത്തിന് ഒരു സ്ഥാനമുണ്ട്, എന്നിരുന്നാലും നിശാക്ലബ് പൊതു ഇടമാണ്. അത് തന്റെ സ്വകാര്യ ജീവിതത്തെ തുറന്നുകാട്ടുമെന്ന് അറിയേണ്ടതായിരുന്നു. വരദ്കര്‍ എന്തുചെയ്യുന്നുവെന്ന് നോക്കി നടക്കുകയാണ് ഒരു വിഭാഗം . അവര്‍ക്ക് അവസരമൊരുക്കുകയായിരുന്നില്ല വരദ്കര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഒരു മന്ത്രി പറഞ്ഞു.തന്റെ സ്വന്തം സല്‍പ്പേരിനും പാര്‍ട്ടിയുടെ ബ്രാന്‍ഡിനും വലിയ ക്ഷതം ഏല്‍പ്പിച്ചതായി ഒരു സീനിയര്‍ ടിഡി പറഞ്ഞു.

എന്നാല്‍ ഭൂരിപക്ഷം ആളുകളും ഈ വീഡിയോയെ സ്വകാര്യതയായേ കാണൂവെന്ന് മറ്റൊരു ഫിനഗേല്‍ മന്ത്രി പറഞ്ഞു.ഈ വിവാദം സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തി നല്‍കിയതു സംബന്ധിച്ച വിവാദവും തലപൊക്കിയിട്ടുണ്ട്.ഇതുസംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് പബ്ലിക് ഓഫീസ് കമ്മീഷന്‍ (സിപ്പോ) നടത്തിയ അന്വേഷണത്തിന്റെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത്.

ജി പി ഡോ. മൈതിയു ടുവാതൈലിന് സര്‍ക്കാര്‍ ഡോക്യുമെന്റ് നല്‍കിയത് സംബന്ധിച്ച കേസില്‍ സിപ്പോ കമ്മീഷന്‍ വരദ്കറെ ഒഴിവാക്കിയെങ്കിലും തീരുമാനത്തോട് രണ്ട് സിപ്പോ അംഗങ്ങള്‍ വിയോജിച്ചിരുന്നു.കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സീമസ് മക്കാര്‍ത്തി, ഓംബുഡ്‌സ്മാന്‍ ഗെര്‍ ഡീറിംഗ് എന്നിവരായിരുന്നു അത്. ഇവരുടെ വിയോജിപ്പ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതാണ് കേസിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിട്ടുള്ളത്.

Advertisment