ലോകം മുഴുവന്‍ പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ! 500 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി

author-image
athira kk
New Update

ന്യൂഡെല്‍ഹി : ലോകം മുഴുവന്‍ പറക്കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി എയര്‍ ബസ്സും ബോയിംഗും ഉള്‍പ്പടെ 500ലേറെ ജെറ്റ്‌ലൈനറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ.

Advertisment

publive-image

ഇതു സംബന്ധിച്ച കരാര്‍ പൂര്‍ത്തിയായി വരികയാണെന്നാണ് റിപ്പോര്‍ട്ട്. എയര്‍ബസ് എ 350, ബോയിംഗ് 787, 777 എന്നിവയുടെ 400 നാരോ ബോഡി ജെറ്റുകളും നൂറ് വൈഡ് ബോഡികളും ഉള്‍പ്പെടുന്നതാണ് ഇടപാടെന്ന് കമ്പനി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പോ എയര്‍ ഇന്ത്യയോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. അതിന് ശേഷമുള്ള ഏറ്റവും വലിയ ഓര്‍ഡറാണിത്. ആഭ്യന്തരരംഗത്തും ആഗോളതലത്തിലും സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.

ആഗോള തലത്തില്‍ മേല്‍ക്കൈ നേടാനുള്ള എയര്‍ ഇന്ത്യയുടെ ശ്രമം നേരിട്ടേക്കാവുന്ന വിവിധ തടസ്സങ്ങളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുര്‍ബലമായ ആഭ്യന്തര ഇന്‍ഫ്രാസ്ട്രക്ചര്‍, പൈലറ്റുമാരുടെ ക്ഷാമം, ഇതിനകം എസ്റ്റാബ്ലിഷ്ഡായ ഗള്‍ഫ് അടക്കമുള്ള മറ്റ് കാരിയറുകളുമായുള്ള കടുത്ത മത്സരം തുടങ്ങിയവയൊക്കെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ലക്ഷ്യമിടുന്നത് ആഭ്യന്തര- ഇന്റര്‍നാഷണല്‍ രംഗത്തെ മേല്‍ക്കൈ

ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിന്റെ ഗണ്യമായ പങ്കും തിരിച്ചുപിടിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നാണ് സൂചന. നിലവില്‍ എമിറേറ്റ്‌സ് പോലുള്ള വിദേശ വിമാനക്കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം. ആഭ്യന്തര- ഇന്റര്‍നാഷണല്‍ രംഗത്തെ എതിരാളിയായ ഇന്‍ഡിഗോയുമായി യുദ്ധത്തിനുള്ള പുറപ്പാടായും ഇതിനെ കാണുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈന്‍ വിപണിയാണ് ഇന്ത്യയുടേത്. 500 പുതിയ ജെറ്റുകള്‍ കൂടിയെത്തുന്നതോടെ ഇന്ത്യയുടെ ആകാശം കൂടുതല്‍ വിപുലമാകും. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിമാനയാത്ര അഫോര്‍ഡബിളും ഒപ്പം സൗകര്യപ്രദവുമായി മാറുമെന്നും കരുതുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നിവ ഒന്നിച്ച് കുറഞ്ഞ നിരക്കില്‍ ഫ്ളൈറ്റുകള്‍ ഇതിനകം ഗ്രൂപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍

ഒരു ഒറ്റ എയര്‍ലൈന്‍ നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.100 ബില്യണ്‍ ഡോളറാണ് ഇതിന് ചെലവിടുന്നതെന്നാണ് സൂചന. മുമ്പ് ഒന്നിച്ച് 460 എയര്‍ബസ്, ബോയിംഗ് ജെറ്റുകള്‍ വാങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഓര്‍ഡറിനെ അട്ടിമറിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യയുടെ ഈ മുന്നേറ്റം.

ലയനം നല്‍കിയ കരുത്ത്

എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും ലയനത്തെക്കുറിച്ചുള്ള ടാറ്റയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓര്‍ഡറിനെക്കുറിച്ചുള്ള ഈ വാര്‍ത്തയെത്തുന്നത്.വിസ്താര ലയനത്തിലൂടെ കമ്പനിയ്ക്ക് 218 വിമാനങ്ങളാണ് ലഭിച്ചത്. അതോടെ എയര്‍ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി. എന്നിരുന്നാലും ഇപ്പോഴും ആഭ്യന്തരമായി ഇന്‍ഡിഗോയ്ക്ക് പിന്നിലാണ്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കരുതുന്നുണ്ട്.

എസ് ഐ എയും ടാറ്റ സണ്‍സും നവംബര്‍ 29നാണ് ലയനം പ്രഖ്യാപിച്ചത്. ഈ ഇടപാടിന്റെ ഭാഗമായി എയര്‍ഇന്ത്യയില്‍ 2,058.5 കോടി രൂപയാണ് വിസ്താര നിക്ഷേപിച്ചത്. ഇതോടെ എസ്ഐഎയ്ക്ക് 25.1 ശതമാനം ഓഹരി കമ്പനിയില്‍ ലഭിക്കും. എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുള്‍പ്പെട്ട എയര്‍ ഇന്ത്യ ഗ്രൂപ്പിലായിരിക്കും ഈ ഓഹരികള്‍.ലയനം 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

Advertisment