ഫ്ലോറിഡ: മുസ്ലിം വിദ്യാർഥികളുടെ പ്രാർഥന തടഞ്ഞതിനു ഫ്ലോറിഡയിൽ അദ്ധ്യാപികയെ പിരിച്ചു വിട്ടു. വിദ്യാർഥികൾ മന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച അദ്ധ്യാപികയുടെ വീഡിയോ ടിക് ടോക്കിൽ വൈറലായി.
പെംബ്രോക് പൈൻസിൽ ഫ്രാങ്ക്‌ളിൻ അക്കാദമി സ്കൂളിലാണ് മൂന്നു മുസ്ലിം വിദ്യാർഥികൾ ഖുറാനിൽ നിന്നുള്ള വചനങ്ങൾ ഉദ്ധരിച്ചു നമസ്കരിച്ചത്. അപ്പോൾ അദൃശ്യയായ അദ്ധ്യാപിക പറയുന്നതു കേൾക്കാം: "നിർത്തൂ, ഇതെന്റെ ഓഫീസാണ്. നിങ്ങൾ മന്ത്രവാദം ചെയ്‌യുകയാണ്."
അതിനു ശേഷം വിസിൽ ഊതി അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും അദ്ധ്യാപിക ശ്രമിക്കുന്നു. ഒരു കുട്ടിയുടെ കൈയ്യിൽ ചവിട്ടുന്നതായും വീഡിയോ ദൃശ്യത്തിൽ സൂചനയുണ്ട്.
"ഞാൻ വിശ്വസിക്കുന്നത് യേശുവിലാണ്," അവർ പറഞ്ഞു. "അതു കൊണ്ട് ഞാനിതു തടയുന്നു."
വിദ്യാർഥികൾ പ്രാർഥന തുടരുമ്പോൾ ആരോ ഇടപെട്ടു അധ്യാപികയോട് പറയുന്നു: "അവർ പ്രാർത്ഥിക്കയാണ്."
സ്കൂൾ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു: "ടിക് ടോക്കിൽ വൈറലായ വിഡിയോയിൽ ഒരു അദ്ധ്യാപിക നമസ്കരിക്കുന്ന വിദ്യാർഥികളെ തടയുന്നതായി കണ്ടു. ഞങ്ങൾ അതേപ്പറ്റി അന്വേഷണം നടത്തി.
"വിവേചനപരമായ ഒരു പെരുമാറ്റവും ഞങ്ങൾ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ആ അദ്ധ്യാപിക ഫ്രാങ്ക്ളിൻ അക്കാദമിയിൽ ഇനി ഉണ്ടാവില്ലെന്നു ഇതിനാൽ അറിയിക്കുന്നു.
"ഞങ്ങളോടൊപ്പം നിൽക്കുന്നതിനു കുട്ടികളുടെ മാതാപിതാക്കളോട് ഞങ്ങൾ നന്ദി പറയുന്നു. കുട്ടികളെയും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളെയും ഞങ്ങളിൽ വിശ്വസിച്ചു ഏൽപിച്ചതിനും നന്ദി."
മറ്റു മതവിശാസങ്ങളെ കുറിച്ച് കൂടി അധ്യാപകർക്ക് അറിവുണ്ടാവണം എന്നത് ഈ സംഭവത്തിൽ നിന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു എന്ന് കൌൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക റിലേഷൻസ് ഫ്ലോറിഡ ചാപ്റ്റർ ചൂണ്ടിക്കാട്ടി.