ന്യൂയോർക്ക് : സ്കോട്ട്ലൻഡിലെ ലോക്കർബിയിൽ പാൻ ആം ബോയിങ് 747 വിമാനം ബോംബു വച്ചു തകർത്ത കേസിൽ മൂന്നാം പ്രതിയായ ലിബിയക്കാരൻ യുഎസ് കസ്റ്റഡിയിൽ ഉണ്ടെന്നു സ്ഥിരീകരണം. 1988 ഡിസംബർ 21 നായിരുന്നു ലോക്കർബിക്കു മീതെ ലണ്ടൻ-ന്യു യോർക്ക് പാൻ ആം ഫ്ലൈറ്റ് 103 പൊട്ടിത്തെറിച്ചു 259 യാത്രക്കാരും വിമാനജീവനക്കാരും മരിച്ചത്. വളരെ വ്യാപകമായി ചിതറി വീണ വിമാന അവശിഷ്ടങ്ങൾ മറ്റു 11 പേരുടെ ജീവൻ കൂടി അപഹരിച്ചു.
മരിച്ച യാത്രക്കാരിൽ 190 യുഎസ് പൗരന്മാരും 43 ബ്രിട്ടിഷുകാരും ഉൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.
അബു അഗില മുഹമ്മദ് മസൂദ് ഖെയ്‌ർ അൽ മാരിമി എന്ന ബോംബ് നിർമാതാവ് എന്നാണു പിടിയിലായതെന്നു യുഎസ് നീതിന്യായ വകുപ്പോ (ഡി ഓ ജെ) സ്കോട്ടിഷ് അധികൃതരോ പറയുന്നില്ല. പ്രതിയെ വാഷിംഗ്‌ടൺ കോടതിയിൽ ഹാജരാക്കുമെന്ന് ഡി ഓ ജെ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ അറസ്റ്റ് വിവരം അറിയിച്ചതായി സ്കോട്ടിഷ് പൊലീസ് വെളിപ്പെടുത്തി.
ഡൊണാൾഡ് ട്രംപിനു കീഴിൽ അറ്റോണി ജനറൽ ആയിരുന്ന ബിൽ ബ്രാർ 2020 ൽ മസൂദിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിനു ശേഷമാണു മസൂദിനെ പിടികിട്ടിയത് എന്നാണ് വിവരം. വിമാനത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തിയവരിൽ മൂന്നാം പ്രതിയായായ മസൂദിനെ പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് എഫ് ബി ഐ കോടതിയിൽ അന്നു പറഞ്ഞത്.
ബോംബ് വച്ചതിനു മസൂദിനെ അഭിനന്ദിച്ച മുൻ ലിബിയൻ ഏകാധിപതി കേണൽ ഖദ്ദാഫി 2011ൽ കൊല്ലപ്പെട്ട ശേഷം മസൂദിനെ കൈമാറ്റം ചെയ്തു കിട്ടാൻ യുഎസ് ശ്രമിച്ചു വരികയായിരുന്നു. നവംബർ 16 നു അയാളെ ട്രിപ്പോളിയിലെ വീട്ടിൽ നിന്നു ആരോ തട്ടിക്കൊണ്ടു പോയി എന്നു റിപ്പോർട്ടുണ്ട്. ഖദ്ദാഫി തെരുവിൽ മർദനമേറ്റു മരിച്ച ശേഷം കുത്തഴിഞ്ഞ നിലയിലായ രാജ്യത്തു തട്ടിക്കൊണ്ടു പോകൽ സാധാരണ സംഭവമാണ്.
സ്‌ഫോടക വസ്തുക്കൾ നിർമിക്കാൻ വിദഗ്‌ധനായ മസൂദിനെ ലിബിയൻ ചാര സംഘടന ഉപയോഗിച്ചു എന്നാണ് നിഗമനം. ലിബിയൻ ജയിലിൽ മസൂദ് കഴിയുമ്പോൾ ബോംബ് നിർമിച്ചതു താനാണെന്നു മസൂദ് ലിബിയൻ പൊലീസിനോടു പറഞ്ഞതിന്റെ റെക്കോഡിങ് എഫ് ബി ഐക്കു ലഭിച്ചിരുന്നു. അബ്ദുൽബാസിത് അൽ മെഗ്രാഹി, അൽ ആമേൻ ഖലീഫ ഫീമ എന്നിവരോടൊപ്പമാണ് ഗൂഢാലോചന നടപ്പാക്കിയതെന്നു മസൂദ് അതിൽ പറയുന്നുണ്ട്. മറ്റു പല സമാനമായ ഭീകരതയിലും തനിക്കു പങ്കുണ്ടെന്നു അയാൾ സമ്മതിക്കുന്നു.
ഫീമ ലിബിയൻ എയർലൈൻസ് സ്റ്റേഷൻ മാനേജർ ആയിരുന്നു. മെഗ്രാഹി എയർലൈനിന്റെ സുരക്ഷാ
വിഭാഗം തലവനും. സ്കോട്ടിഷ് കോടതി 2001 ൽ ജയിലിൽ അടച്ച മെഗ്രാഹിയെ കാൻസർ ബാധിച്ചതോടെ വിട്ടയച്ചു. 2012 ൽ അയാൾ ട്രിപ്പോളിയിൽ മരിച്ചു.
ഫീമയുടെ പേരിലുള്ള കുറ്റങ്ങൾ തെളിഞ്ഞില്ല. എന്നാൽ അയാൾ നിരപരാധിയല്ല എന്നു സ്കോട്ടിഷ് പ്രോസിക്യൂട്ടർമാർ തറപ്പിച്ചു പറഞ്ഞു.
മസൂദ് പിടിയിലായ സ്ഥിതിക്ക് മറ്റൊരു വലിയ വിചാരണ കൂടി ഈ കേസിൽ പ്രതീക്ഷിക്കാം.