ഡബ്ലിന്‍ : അയര്‍ലണ്ടിലെ നഴ്സിംഗ് ഹോമുകളെ സഹായിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍, ബാങ്ക് ഓഫ് അയര്‍ലണ്ട്, ജര്‍മ്മന്‍ സ്റ്റേറ്റ് ബാങ്കായ നോര്‍ഡ് എല്‍ബി എന്നിവയുടെ സംയുക്ത പദ്ധതി വരുന്നു. പ്രൈവറ്റ് -പബ്ലിക് പങ്കാളിത്ത മാതൃകയിലുള്ളതാണ് പദ്ധതി. ഇതനുസരിച്ച് രാജ്യത്തെ ആറ് കൗണ്ടികളിലെ നഴ്സിംഗ് ഹോമുകള്‍ക്ക് പുതിയ 530 ബെഡുകള്‍ ലഭിക്കും.
പദ്ധതി പ്രായമായവരുടെയും ഡിമെന്‍ഷ്യ ബാധിതരുടെയും പരിചരണത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.2024ഓടെ പൂര്‍ത്തീകരണം ലക്ഷ്യമിടുന്നതാണ് പദ്ധതി.
നടപ്പാക്കുന്നത് 250 മില്യണ്‍ യൂറോയുടെ പദ്ധതി
250 മില്യണ്‍ യൂറോയാണ് ഇതിനായി അനുവദിക്കുക.യൂറോപ്യന്‍ യൂണിയന്റെ ദീര്‍ഘകാല വായ്പാ വിഭാഗമായ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് കമ്മ്യൂണിറ്റി നഴ്സിംഗ് പ്രോജക്ടിനായി 100 മില്യണ്‍ യൂറോയാണ് നല്‍കുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യു കെ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ഇക്വിറ്റിക്‌സും ബില്‍ഡര്‍മാരായ ജോണ്‍ സിസ്‌കും സോണും കൂട്ടു ചേര്‍ന്നുള്ള സംരംഭം ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.
25 വര്‍ഷത്തേക്ക് എച്ച് എസ് ഇ പ്രതിവര്‍ഷം ഈ സംരംഭത്തിന് 24മില്യണ്‍ യൂറോ വീതം നല്‍കും.സൈറ്റുകളെല്ലാം എക്കാലവും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും.ചികില്‍സയും പരിചരണവും എച്ച എസ് ഇയാകും നല്‍കുക.25 വര്‍ഷത്തിന് ശേഷം, ഈ സൗകര്യങ്ങള്‍ എച്ച് എസ് ഇക്ക് തിരികെ നല്‍കുന്നതിനും വ്യവസ്ഥയുണ്ടാകും.
പദ്ധതിയില്‍ ഏഴ് പുതിയ യൂണിറ്റുകള്‍
കമ്മ്യൂണിറ്റി നഴ്‌സിംഗിനായുള്ള അയര്‍ലണ്ടിന്റെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ലൂത്ത്, വെസ്റ്റ്മീത്ത്, ടിപ്പററി, കെറി, കില്‍കെന്നി, കോര്‍ക്ക് എന്നിവിടങ്ങളില്‍ ഏഴ് പുതിയ യൂണിറ്റുകളും നിര്‍മ്മിക്കും.
ഏറ്റവും വലുതും 130 കിടക്കകളുള്ളതുമായ യൂണിറ്റ്, കെറിയില്‍ കില്ലര്‍ണിയിലാണ് വരിക. ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കായി പ്രത്യേകമായി പത്ത് കിടക്കകളുള്ള മൂന്ന് ഹോമുകളും ഇതില്‍ ഉള്‍പ്പെടും.മിഡില്‍ടണില്‍ 50 കിടക്കകളുള്ള യൂണിറ്റും സെന്റ് ഫിന്‍ബാര്‍സില്‍ 105 കിടക്കകളുള്ള യൂണിറ്റുമാണ് കോര്‍ക്കില്‍ വരിക.സെന്റ് ഫിന്‍ബാര്‍സില്‍ 30 ഡിമെന്‍ഷ്യ രോഗികള്‍ക്ക് പരിചരണം ലഭിക്കും.20 ഡിമെന്‍ഷ്യാ കിടക്കകളുള്‍പ്പെടെ കില്‍കെന്നിയിലെ തോമസ്ടൗണില്‍ 95 കിടക്കകള്‍ നിര്‍മ്മിക്കും.
ടിപ്പററിയിലെ ക്ലോണ്‍മെല്‍, ലൂത്തിലെ ആര്‍ഡി, വെസ്റ്റ്മീത്തിലെ അത്‌ലോണ്‍, എന്നിവിടങ്ങളില്‍ 50 കിടക്കകളുള്ള യൂണിറ്റുകളും നിര്‍മ്മിക്കും. അത്‌ലോണ്‍ യൂണിറ്റില്‍ ഡിമെന്‍ഷ്യ ഡേ സെന്ററുമുണ്ടാകും. അത്‌ലോണും മിഡില്‍ടണും ഒഴികെയുള്ള എല്ലാ സൈറ്റുകളുടെയും നിര്‍മ്മാണം ക്രിസ്തുമസിന് മുമ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കി രണ്ടെണ്ണം 2023ന്റെ തുടക്കത്തില്‍ ആരംഭിക്കും. എല്ലാ സൈറ്റുകളും 2024 അവസാനത്തോടെ പൂര്‍ത്തിയാകും.
രാജ്യത്ത് 31,000 നഴ്സിംഗ് ഹോം കിടക്കകളാണുള്ളത്. അതില്‍ 80 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിലാണ്. പ്രായമായ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 2026 ഓടെ അയര്‍ലണ്ടിന് 7,500 പുതിയ കിടക്കകള്‍ കൂടി ആവശ്യമാകുമെന്ന് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സി ബി ആര്‍ ഇ യുടെ 2020 ലെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.ഈ ആവശ്യകതയൊക്കെ നേരിടുന്നതിനും ഈ പദ്ധതി പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.