അയര്‍ലണ്ടിനെ കൈവിടാതെ ബഹുരാഷ്ട്ര കമ്പനികള്‍;  കഴിഞ്ഞ വര്‍ഷം മാത്രം സൃഷ്ടിച്ചത് 32,426 ജോലികള്‍

author-image
athira kk
New Update

ഡബ്ലിന്‍: ആഗോള സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലും അയര്‍ലണ്ടിനെ കൈവിടാതെ ബഹുരാഷ്ട്ര കമ്പനികള്‍.ആളുകള്‍ക്ക് ഇഷ്ടംപോലെ തൊഴിലുകളും സര്‍ക്കാരിന് വാരിക്കോരി നികുതിയും നല്‍കി അയര്‍ലണ്ടിനെ എക്കാലത്തെയും മികച്ച നേട്ടത്തിലെത്തിച്ചിരിക്കുകയാണ് ഈ മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങള്‍.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം മാത്രം അയര്‍ലണ്ടിന് ഇവര്‍ നല്‍കിയത് 32,426 പുതിയ തൊഴിലുകളാണെന്ന് ഐ ഡി എ അയര്‍ലണ്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.വിവിധ വിദേശ ബഹുരാഷ്ട്ര കമ്പനികളിലായി ആകെ 3,01,475 ആളുകളാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% വര്‍ധനവാണിത്.ആദ്യമായാണ് 3,00,000 എന്ന മുന്‍ റെക്കോഡ് ഭേദിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് 24,019 പേര്‍ക്കാണ് ജോലികള്‍ നല്‍കിയത്.വെല്ലുവിളികളേറെ ഉണ്ടായിരുന്നിട്ടും 2021ല്‍ രാജ്യത്ത് 242 വ്യക്തിഗത നിക്ഷേപങ്ങള്‍ വന്നു.ഇതില്‍ 103 പേര്‍ അയര്‍ലണ്ടില്‍ ആദ്യമായി നിക്ഷേപിച്ചവരാണ് .കൂടാതെ പകുതിയിലേറെ (127)പേരും റീജിയണല്‍ ലൊക്കേഷനിലാണ് നിക്ഷേപിച്ചതെന്നും ഐ ഡി എ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാ മേഖലകളിലും പ്രയോജനമുണ്ടായെങ്കിലും മിഡ്-ഈസ്റ്റിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള നിക്ഷേപമുണ്ടായത്. മുമ്പത്തേക്കാളും 13.1% വര്‍ധനവാണ് ഇവിടെയുണ്ടായതെന്നും ഐ ഡി എ അയര്‍ലണ്ടിന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് മേരി ബക്ക്‌ലി പറഞ്ഞു.ഡബ്ലിനൊപ്പം മിഡ്ലാന്‍ഡിലും എഫ് ഡി ഐ തൊഴിലവസരങ്ങളും 10.5% ഉയര്‍ന്നു.

ആഗോള സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതി പോസിറ്റീവായിരിക്കുമെന്ന് ഐ ഡി എ പറയുന്നു.അതേസമയം രണ്ടാം പകുതി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്.

ആഗോള ടെക്‌നിക്കല്‍ മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ടെക് നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെയുണ്ടായ ആഗോള സംഭവങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്ന് അയര്‍ലണ്ട് മുക്തമാണെന്ന് കരുതുന്നില്ലെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു

Advertisment