ന്യൂയോർക്ക് : യുഎസിൽ കൂടുതൽ കോവിഡ് 19 കേസുകൾ ആശുപത്രികളിൽ എത്തി തുടങ്ങി. മുതിർന്നവർക്കിടയിൽ കോവിഡ് മരണ സംഖ്യ ഉയരുകയും ചെയ്യുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ആവുന്ന കോവിഡ് രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടയിൽ 30% വർധിച്ചുവെന്നു സി ഡി സി പറയുന്നു. അതിലധികവും മുതിർന്നവരെയും നിലവിൽ മറ്റു രോഗങ്ങൾ ഉള്ളവരെയുമാണ് ബാധിക്കുന്നതെന്നു ഡയറക്ടർ ഡോക്ടർ റോഷെൽ വലെൻസ്കി പറഞ്ഞു.
മറ്റു രോഗങ്ങളുമായി എത്തുന്നവരിലും കോവിഡ് കണ്ടെത്താറുണ്ട്. അത്തരം കേസുകളും സി ഡി സി ഈ പട്ടികയിൽ പെടുത്തുന്നു. പുതിയ വാക്‌സിൻ ജീവനക്കാർക്കു നൽകി പ്രതിരോധം ശക്തിപ്പെടുത്താൻ ആശുപത്രികൾ ശ്രമം തുടങ്ങി.
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയതും പൊതുവെ പ്രതിരോധം മെച്ചപ്പെട്ടതും മൂലം പ്രായം കുറഞ്ഞവർക്കു ഭയം ഇല്ലാതായി. മഹാമാരി കഴിഞ്ഞോ ഇല്ലയോ എന്നതിനെ കുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നതും. എന്നാൽ ആശുപത്രികളിൽ രോഗികൾ എത്തുന്നു.
വീടുകളിൽ ചെന്നു വാക്‌സിൻ കുത്തിവയ്ക്കാൻ പലരും അനുവദിക്കുന്നില്ലെന്ന് ആശുപത്രികൾ പറയുന്നു. ചിലർ പ്രതിരോധ കുത്തിവയ്പു തന്നെ നിഷേധിക്കുന്നു. നഴ്‌സിംഗ് ഹോമുകളിൽ 23% ജീവനക്കാർ മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളു എന്നാണ് കണക്ക്.
ജീവനക്കാരും സന്ദർശകരും നഴ്സിംഗ് ഹോമുകളിൽ രോഗം എത്തിക്കുന്നു.
ന്യു യോർക്കിലും കലിഫോണിയയിലും മുതിർന്ന കോവിഡ് രോഗികളുടെ എണ്ണം ഒമൈക്രോൺ തരംഗങ്ങളെ പോലും പിന്തള്ളി എന്നാണ് സ്‌ക്രിപ്‌സ് റിസർച് ട്രാൻസ്‌ലേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.