മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: ദുരൂഹത നീങ്ങുന്നു

author-image
athira kk
Updated On
New Update

ക്വലാലംപുര്‍: എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുന്നു. എംഎച്ച് 370 ജെറ്റ് വിമാനം ബോധപൂര്‍വം കടലില്‍ ഇടിച്ചിറക്കിയതാണെന്നാണ് പുതിയ നിഗമനം.

Advertisment

publive-image

മഡഗാസ്കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയപരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. വിമാനം മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തി എന്നാണ് ഇതില്‍ നിന്നു മനസിലാകുന്നത്.

2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. വിമാനത്തെക്കുറിച്ചോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരെക്കുറിച്ചോ യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല.

2017~ല്‍ ഫെര്‍ണാണ്ടോ കൊടുങ്കാറ്റിന് പിന്നാലെ മഡഗാസ്കര്‍ തീരത്തടിഞ്ഞ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ഡോര്‍ എന്നിവ റ്റാറ്റാലി എന്ന മത്സ്യത്തൊഴിലാളി അതിന്റെ പ്രാധാന്യമറിയാതെ തന്റെ വീട്ടില്‍ സൂക്ഷിച്ചുവരികയായിരുന്നു. റ്റാറ്റാലിയുടെ ഭാര്യ വസ്ത്രമലക്കുന്നതിനുള്ള വാഷിങ് ബോര്‍ഡായാണ് ഇവ ഉപയോഗിച്ചു വന്നത്.

കടലില്‍ ഇടിച്ചിറങ്ങുന്നതോടെ പൂര്‍ണമായും ചിന്നഭിന്നമാകുമെന്ന് ഉറപ്പാക്കുന്നതിനായി പൈലറ്റിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നാണ് വിദഗ്ധരുടെ അനുമാനം. ഡോറിന് മുകളില്‍ കാണപ്പെടുന്ന നാല് അര്‍ധ സമാന്തര പിളര്‍പ്പുകള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിന്റെ ഫലമായുണ്ടായതാണെന്നും കരുതുന്നു. വിമാനത്തെ പൂര്‍ണമായും പിളര്‍ക്കാനുതകുന്ന വിധത്തിലും വിമാനം വൈകാതെ മുങ്ങുന്ന വിധത്തിലുമുള്ള ലാന്‍ഡിങ് സംബന്ധിച്ചാണ് സൂചനകള്‍. വെള്ളത്തിലെ അടിയന്തര ലാന്‍ഡിങ്ങിന്റെ സാഹചര്യത്തില്‍ ലാന്‍ഡിങ് ഗിയര്‍ താഴ്ത്താറില്ല. അങ്ങനെ ചെയ്യുന്നത് വിമാനം പല കഷണങ്ങളായി നുറുങ്ങുന്നതിനും വിമാനം വേഗത്തില്‍ മുങ്ങിത്താഴുന്നതിനും ഇടയാക്കും. ഒരാള്‍ പോലും രക്ഷപെടരുതെന്ന നിര്‍ബന്ധബുദ്ധ്യാലാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ കടലില്‍ ഇടിച്ചിറക്കിയതെന്നും വിലയിരുത്തല്‍.

മലേഷ്യയിലെ ക്വലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് വിമാനം അപ്രത്യക്ഷമായത്. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് ഇതിലുണ്ടായിരുന്നത്. 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്.

Advertisment