ന്യൂയോര്‍ക്ക്: 114,000 ഡോളര്‍ വിലയുള്ള ജീന്‍സോ? അതായത് ഏകദേശം ഒരു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ!
അതെ, പക്ഷേ, ഈ ജീന്‍സ് ഒരു പുരാവസ്തുവാണ്. ലോകത്ത് ഇന്നു നിലവിലുള്ളതില്‍ വച്ച് ഏറ്റവും പഴക്കമേറിയ ജീന്‍സ്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നു കിട്ടിയതാണിത്.
അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏതെങ്കിലും ഖനി തൊഴിലാളിയുടേതായിരിക്കുമെന്നാണ് കരുതുന്നത്. അന്ന് ഖനി തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന സുരക്ഷിത വസ്ത്രമായിരുന്നു ജീന്‍സ്.
സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. അന്ന് 425 ആളുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്.
പഴയ ഒരു ഖനിയില്‍ നിന്ന് കണ്ടെത്തിയ 1880~കളിലെ ഒരു ജോഡി ലെവിസ് ജീന്‍സ് 62 ലക്ഷം രൂപക്ക് നേരത്തെ ലേലത്തില്‍ വിറ്റുപോയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഈ ജീന്‍സ് കിട്ടിയത്.