ബ്രസല്‍സ്: ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാന്‍ ഖത്തറിന് അനുകൂലമായി തീരുമാനങ്ങളുണ്ടാകാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ സ്വാധീനിച്ചെന്ന വാര്‍ത്തയും ഇതുമായി ബന്ധപ്പെട്ട ഉന്നതരുടെ അറസ്റ്റുമൊക്കെ വിരല്‍ചൂണ്ടുന്നത് ലോകത്തെ ഞെട്ടിക്കുന്ന സാമ്പത്തിക അഴിമതിയിലേയ്ക്കാണ്.കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയുമടക്കം ലോകത്തെ ലജ്ജിപ്പിക്കുന്ന ക്രമക്കേടുകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
സംഭവത്തില്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഇവാ കൈലിയടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യം ചെയ്യുന്നതോടെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന രാഷ്ട്രീയ അഴിമതികള്‍ കൂടുതലായി പുറത്തുവരുമെന്നാണ് കരുതുന്നത്.ഇതേ തുടര്‍ന്ന് ഇവാ കൈലിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
വിവാദത്തെ തുടര്‍ന്ന് കൈലിയെ പസോകില്‍ നിന്ന് സസ്പെന്റ് ചെയ്തു.എം ഇ പി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.കൈലിയ്‌ക്കൊപ്പം മുന്‍ ഇറ്റാലിയന്‍ എംഇപി അന്റോണിയോ പന്‍സേരിയും അറസ്റ്റിലായിരുന്നു. ഫിഫ ലോകകപ്പ് ആതിഥേയരായ ഖത്തര്‍ കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് ഇവാ കൈലിയെ റിമാന്‍ഡ് ചെയ്തത്.ലോകകപ്പിന് തൊട്ടുമുമ്പ് കൈലി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.ഇവര്‍ ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ ഇവരുടെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ പണം കണ്ടെടുത്തിരുന്നു.
വാരാന്ത്യത്തിലാണ് കൈലിയുള്‍പ്പടെ നാല് പേര്‍ക്കെതിരെ ബെല്‍ജിയം പോലീസ് കേസെടുത്തത്.ക്രിമിനല്‍ ഓര്‍ഗനൈസേഷനില്‍ പങ്കാളിത്തം, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവയാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.അന്വേഷണത്തിന്റെ ഭാഗമായി ബ്രസല്‍സിലുടനീളം 20 റെയ്ഡുകള്‍ പോലീസ് നടത്തി.
ഐടി ഉപകരണങ്ങളും മൊബൈല്‍ ഫോണുകളുമടക്കം 6,00,000 യൂറോയും പിടിച്ചെടുത്തു.അന്വേഷകര്‍ ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ഓഫീസുകളിലും തിരച്ചില്‍ നടത്തുകയാണ്. 10 പാര്‍ലമെന്ററി സ്റ്റാഫ് അംഗങ്ങളുടെ കമ്പ്യൂട്ടര്‍ ഡാറ്റകള്‍ പിടിച്ചെടുത്തിട്ടുണ്ട്.അതിനിടെ വിവാദസംഭവത്തിലെ ആരോപണങ്ങള്‍ ഖത്തര്‍ ശക്തമായി നിഷേധിച്ചു.
കൈലിക്കെതിരായ ആരോപണങ്ങള്‍ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.സ്ഥാപനത്തിന്റെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും ഇവര്‍ പറഞ്ഞു.ആരോപണങ്ങള്‍ വളരെ ദോഷകരമാണെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.സമഗ്രമായ അന്വേഷണം നടത്തണമെന്നും എന്താണ് നടന്നതെന്ന് വിശദീകരിക്കണമെന്നും കോവനേ ആവശ്യപ്പെട്ടു.
മുമ്പ് സ്വകാര്യ ഗ്രീക്ക് ടെലിവിഷന്‍ ചാനലില്‍ വാര്‍ത്താവതരാകയായിരുന്ന സോഷ്യലിസ്റ്റ് എം ഇ പി 2014ലാണ് ആദ്യമായി യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗ്രീക്ക് പാര്‍ലമെന്റിലെ സോഷ്യലിസ്റ്റ് പസോക് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു കൈലി.11 മാസം മുമ്പാണ് ഇവര്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.