ന്യൂയോർക്ക് : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു റിപ്പബ്ലിക്കൻ പാർട്ടിയിൽ പിന്തുണ കുറഞ്ഞു വരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങളെ തീവ്രവാദ നയങ്ങൾ കൊണ്ടു ആവേശം കൊള്ളിച്ചു കൂടെ നിർത്തിയിരുന്ന ട്രംപ് നേരത്തെ കൂട്ടി 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അതു കൊണ്ട് മാത്രം പാർട്ടിയിലെ എതിരാളികളെ ഒതുക്കാൻ അദ്ദേഹത്തിനു കഴിയില്ലെന്നാണ് പാർട്ടി അണികളുടെ നാഡിമിടിപ്പ് വായിക്കുന്ന അഭിപ്രായ സർവേകൾ ചൂണ്ടിക്കാട്ടുന്നത്.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആണ് പാർട്ടിയിൽ ട്രംപിനു കനത്ത വെല്ലുവിളിയാവുക എന്ന സൂചന ഇപ്പോൾ ലഭ്യമാണ്. രണ്ടാം തവണ ഗവർണർ സ്ഥാനത്തേക്ക് 20 ശതമാനത്തോളം വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തിൽ ജയിച്ച ഡിസാന്റിസ് അടുത്തു നടന്ന എല്ലാ സർവേകളിലും ട്രംപിനെ പിന്നിലാക്കി. എന്നു മാത്രമല്ല, പ്രസിഡൻറ് ജോ ബൈഡൻ എതിരാളിയായി വന്നാൽ പോലും ഡിസാന്റിസ് ജയിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിലയിരുത്തൽ.
മത്സരിച്ചാൽ ഡിസാന്റിസിനെ തകർത്തു കളയുമെന്നു ഭീഷണി മുഴക്കിയതു കൊണ്ടു കാര്യമൊന്നുമില്ല. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് ഇറക്കിയ സ്ഥാനാർഥികളിൽ ബഹുഭൂരിപക്ഷവും തോറ്റപ്പോൾ ജനം അദ്ദേഹത്തെ തള്ളിയെന്നു പകൽ പോലെ വ്യക്തമായി. അപ്പോൾ പിന്നെ ആരെ വിരട്ടാൻ.
ഏറ്റവും ഒടുവിൽ യുഎസ്എ ടുഡേ-സഫോൾക് യൂണിവേഴ്സിറ്റി സർവേയിൽ പറയുന്നത് നവംബർ പരാജയങ്ങളും ഒന്നിനു പിന്നാലെ ഒന്നായി വരുന്ന നിയമനടപടികളും അദ്ദേഹത്തെ പാർട്ടിയിൽ ചെറുതാക്കി എന്നാണ്. ട്രംപ് കമ്പനികൾ നടത്തിയ നികുതി തട്ടിപ്പ് കോടതിയിൽ തെളിഞ്ഞതോടെ അദ്ദേഹത്തിനു പ്രതിരോധം ഉയർത്താൻ പാർട്ടിക്ക് കഴിയാത്ത സ്ഥിതിയുമായി.
സർവേയിൽ പറയുന്നത് ട്രംപിന്റെ നയങ്ങൾ അംഗീകരിക്കുന്ന വോട്ടർമാർ പോലും അവ നടപ്പാക്കാൻ മറ്റൊരു സ്ഥാനാർഥി വരുന്നതാണ് നല്ലതെന്നു ചിന്തിക്കുന്നു എന്നാണ്. ട്രംപിനു 31% പിൻതുണ മാത്രം. മറ്റൊരാൾ വരട്ടെ എന്നു പറയുന്നവർ 61% ഉണ്ട്.
വോൾ സ്ട്രീറ്റ് ജെനിലിന്റെ സർവേയിൽ ഡിസാന്റിസ് ട്രംപിനെതിരെ മികച്ച ലീഡ് നേടി. അദ്ദേഹത്തിന് 52% റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരുടെ പിന്തുണ ഉള്ളപ്പോൾ ട്രംപിന്റെ പിന്തുണ വെറും 38% മാത്രം. ഡിസാന്റിസിനെ മതിപ്പോടെ കാണുന്നവർ 86% ഉണ്ട്.
രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ഇടയിൽ ആവട്ടെ, ട്രംപിന് 36% പിന്തുണ ഉള്ളപ്പോൾ ഡിസാന്റിസ് 43% നേടി.
ട്രംപിന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസിനു 48 ശതമാനത്തിൽ താഴെ ജി ഓ പി വോട്ടർമാരുടെ പിന്തുണ മാത്രം.
2024ൽ മത്സരിച്ചാൽ ബൈഡൻ 45-43 മാർജിനിൽ ട്രംപിനെ തോൽപിക്കും എന്നാണ് വിലയിരുത്തൽ. 12% വോട്ടർമാർ തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഡിസാന്റിസ് ബൈഡനെ തോൽപിക്കും എന്നാണ് സർവേ പറയുന്നത്.