ന്യൂയോർക്ക് : അമേരിക്കയുടെ തെക്കേ അതിർത്തി കടന്നു വരുന്ന അഭയാർഥികൾ ബൈഡൻ ഭരണകൂടത്തിനു വീണ്ടും തലവേദനയാവുന്നു. ജോ ബൈഡന്റെ കുടിയേറ്റ നയത്തെ നിരന്തരം വിമർശിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയെ മയപ്പെടുത്തി നിർത്തുമ്പോൾ തന്നെ ആ നയത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റുകളെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്നതു ചില്ലറ വെല്ലുവിളിയല്ല.
ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തു കോവിഡ് മഹാമാരി പരിഗണിച്ചു അഭയാർഥി പ്രവാഹം തടയാൻ കൊണ്ടുവന്ന ടൈറ്റിൽ 42 എന്ന ചട്ടം ഡിസംബറിൽ അവസാനിപ്പിക്കേണ്ടതുണ്ട്. അത് അവസാനിപ്പിച്ചാൽ തെക്കൻ അതിർത്തി വഴിയുള്ള അഭയാർഥികളുടെ ഒഴുക്ക് വീണ്ടും ആരംഭിക്കും.
സെനറ്റിലെ ഭൂരിപക്ഷ നേതാവ് ഡെമോക്രാറ്റ് ചക് ഷൂമർ കഴിഞ്ഞ ദിവസം ഈ വിഷയം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്‌നിന്റെ മുന്നിൽ ഉന്നയിച്ചുവെന്നു റിപ്പോർട്ടുകളുണ്ട്. ഷൂമർ ചില ആശങ്കകൾ ഉയർത്തിയെന്നു സി എൻ എൻ പറയുന്നു.
ടൈറ്റിൽ 42 പോയാൽ ഉണ്ടാവുന്ന അഭയാർഥി പ്രവാഹം നേരിടാൻ ഭരണകൂടം സജ്ജമാണോ, പുതിയൊരു കുടിയേറ്റ നയം ഒരുങ്ങുന്നുണ്ടോ എന്നീ കാര്യങ്ങളാണ് ഷൂമറും വൈറ്റ് ഹൗസിനെ ബന്ധപ്പെട്ട മറ്റു കോൺഗ്രസ് അംഗങ്ങളും ചോദിച്ചത്. ദീർഘകാലമായി ഈ ദിവസത്തിനു കാത്തിരുന്ന ബൈഡൻ ഭരണകൂടം അതിർത്തിയിൽ സുരക്ഷ കൂട്ടാൻ ആളും അർഥവും വിന്യസിച്ചിട്ടുണ്ട്.
"ഞങ്ങൾ സുസജ്ജരാണ്, മനുഷ്യത്വപരമായി ഈ കാര്യം കൈകാര്യം ചെയ്യും," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിൻ ജീൻ-പിയറി ചൊവാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
കോൺഗ്രസിലാണ് ഇരു കക്ഷികളുടെയും കൂട്ടായ ശ്രമത്തിൽ ഒരു തീരുമാനം ഉണ്ടാവേണ്ടത്. അതിനു അനക്കമൊന്നും വച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ശരാശരി 2,400 അഭയാർഥികൾ അതിർത്തി കടന്നു വന്നിട്ടുണ്ട്. ടെക്സസിലെ എൽ പാസോയിലാണ് പ്രധാനമായും അവർ എത്തുന്നത്. അവിടെ കടുത്ത തണുപ്പിൽ പലരും തെരുവിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടുണ്ട്. ടെക്സസിൽ തന്നെ ലരേദോ ആണ് മറ്റൊരു സ്ഥലം.
ഇവരെ പരുക്കനായി തന്നെ തടയണം എന്ന അഭിപ്രായം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ ഉണ്ടെന്നു പറയുന്നു. ട്രംപിന്റെ കാലത്തു ഡമോക്രാറ്റുകൾ വിമർശിച്ച സമീപനത്തോട് സാമ്യമുള്ളതാണ് ഇത്. കാലാവധി കഴിയുന്ന ഡിസംബർ 21നു ടൈറ്റിൽ 42 റദ്ദാക്കുന്നതു തടയണം എന്നാവശ്യപ്പെട്ടു 19 റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ പോയിട്ടുമുണ്ട്.
പുതിയ സാഹചര്യം കൈകാര്യം ചെയ്യാൻ $3 ബില്യൺ ബൈഡൻ കോൺഗ്രസിനോട് ചോദിച്ചിട്ടുണ്ട്.