ന്യൂയോർക്ക് : ലോകമൊട്ടാകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്നര കോടി വരുമെന്നു ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 2020, 2021 എന്നീ വർഷങ്ങളിലെ ഈ കണക്കുകൾ കാണിക്കുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടി മരണങ്ങൾ ഈ രണ്ടു വർഷങ്ങളിൽ ഉണ്ടായി എന്നാണ്.
ഇതിൽ ഇന്ത്യയിലെ മരണങ്ങൾ മാത്രം 47 ലക്ഷമാണ്. യുഎസിൽ 932,000.
റഷ്യ 11 ലക്ഷം, ഇന്തോനേഷ്യ 10 ലക്ഷം.
'നേച്ചർ' മാസിക പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ചു 2020ൽ മരണം പ്രതീക്ഷിച്ചതിലും 45 ലക്ഷം കൂടുതൽ ആയിരുന്നു. 2021ൽ ആവട്ടെ, ഒരു കോടിയോളം അധികവും.
മൊത്തം മരണങ്ങളിൽ മൂന്നിലൊന്നു ദക്ഷിണേഷ്യയിലാണ് -- 60 ലക്ഷം അമിത മരണങ്ങൾ. അതിനു പ്രധാന കാരണം ഇന്ത്യയിലെ അമിതമായ മരണസംഖ്യയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ പ്രൊഫസർ ജോനാഥൻ വേക്ക്ഫീൽഡ് പറയുന്നു. "സർവ്വനാശമായ മഹാമാരിയാണ് ഇന്ത്യയിൽ ഉണ്ടായത്. അതു കൊണ്ട് മരണ സംഖ്യ വളരെ കൂടുതലായി."
അമേരിക്കൻ രാജ്യങ്ങളിലും യുറോപ്പിലുമാണ് മരണങ്ങൾ പിന്നീട് ഉയർന്നു നിന്നത്. ഏകദേശം 32 ലക്ഷം.
"ഇതു വരെ കേട്ട കണക്കുകൾ എല്ലാം യഥാർത്ഥത്തിൽ ഉണ്ടായതിനേക്കാൾ ഏറെ താഴെ ആയിരുന്നു," ന്യു യോർക്ക് സിറ്റിയിലെ മൗണ്ട് സീനായ് സൗത്ത് നാസോ ആശുപത്രിയിൽ പകർച്ചവ്യാധി വിഭാഗം മേധാവിയായ
ഡോക്ടർ ആറൺ ഗ്ലാട്ട് പറയുന്നു. "കോവിഡ് മരണങ്ങളിൽ വളരെയേറെ റിപ്പോർട്ട് ചെയ്യാതെ പോയവ ഉണ്ട്."
"തുടക്കത്തിൽ പരിശോധന ലഭ്യമായിരുന്നില്ല. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഒരിക്കലൂം ശരിയായ പരിശോധന തന്നെ ഉണ്ടായില്ല," വേക്ക്ഫീൽഡും ഗ്ലാട്ടും പറയുന്നു. "പലരും ശരിയായ രോഗനിർണയം സാധ്യമാവും മുൻപ് തന്നെ മരിച്ചു.
ആരോഗ്യ സംവിധാനങ്ങൾ തകിടം മറിഞ്ഞപ്പോൾ പല രാജ്യങ്ങളിലും ശരിയായ രീതിയിൽ കണക്കുകൾ രേഖപ്പെടുത്തിയതു തന്നെയില്ല. അത്തരമായൊരു അവസ്ഥയിൽ രേഖകൾ സൂക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉണ്ടായി.
ചില രാജ്യങ്ങൾ ആവട്ടെ, രാഷ്ട്രീയ കാരണങ്ങളാൽ മരണ സംഖ്യ കുറച്ചു കാണിച്ചു. മരണം ഒഴിവാക്കാൻ കഴിയാത്തതു എന്തു കൊണ്ടെന്നതു രാഷ്ട്രീയ ചർച്ചാ വിഷയം ആയിരുന്നു. "സ്ഥിതിവിവര കണക്കുകൾ ഇല്ലാത്തതു കൊണ്ട് പല രാജ്യങ്ങളിലും എത്ര പേര് മരിച്ചെന്നു കൃത്യമായി അറിയാൻ കഴിയാതെ വന്നു," വേക്ക്ഫീൽഡ് പറഞ്ഞു.
2020 ലും 2021 ലുമാണ് കോവിഡ് സംഹാരം പരമാവധി ഉണ്ടായത്. ഈ രണ്ടു വർഷങ്ങളിൽ 54 ലക്ഷം മരണങ്ങൾ ഉണ്ടായി എന്നായിരുന്നു നേരത്തെ ലഭിച്ച കണക്ക്.
യുഎസ് കണക്കുകൾ ഏറെക്കുറെ കൃത്യമായിരുന്നു എന്ന് ആറൺ ഗ്ലാട്ട് പറയുന്നു. "തുടക്കത്തിൽ അല്ലെങ്കിലും പിന്നീട് വ്യാപകമായി പരിശോധനയും രോഗനിർണയവും നടന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കാൾ കൂടുതൽ ശരിയായ കണക്കുകൾ നമുക്കുണ്ട്."
മറിച്ചുള്ള ഒരു രാജ്യം പെറു ആണ്. അവർ പറയുന്നതിൽ ഇരട്ടി ആളുകൾ അവിടെ കോവിഡ് വന്നു മരിച്ചു എന്നാണ് നിഗമനം.ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളും മരണ സംഖ്യ വളരെ കുറച്ചാണു കണ്ടത്. മൂന്നു രാജ്യങ്ങളിലും ഭീകരമായ തോതിൽ രോഗം വ്യാപിച്ചിരുന്നുവെന്നു വേക്ക്ഫീൽഡ് പറഞ്ഞു.
കൃത്യമായ കണക്കുകൾ നൽകാത്ത രാജ്യങ്ങൾ രോഗം ആവർത്തിക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ വിജയം കാണാൻ ബുദ്ധിമുട്ടുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.