ബ്രസല്‍സ് : ക്രിപ്റ്റോ കറന്‍സിയുടെ അപകടങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.എഫ് ടി എക്‌സിന്റെ തകര്‍ച്ചയും ക്രിപ്‌റ്റോ വിപണിയിലെ സമീപകാല പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് ബിറ്റ്‌കോയിനെതിരായ നിലപാടുമായി ഇ സി ബി ബ്ലോഗ് രംഗത്തുവന്നത്.2022 നവംബര്‍ 30നുള്ള ബ്ലോഗിലാണ് ഇ സി ബിയുടെ നിലപാടുകള്‍ വ്യക്തമാക്കിയത്.
ബിറ്റ്‌കോയിന്‍ സിസ്റ്റം അഭൂതപൂര്‍വമായ മലിനീകരണമാണുണ്ടാക്കുന്നതെന്ന് ഇ സി ബി ചൂണ്ടിക്കാട്ടുന്നു. ‘എല്ലാ സമ്പദ്വ്യവസ്ഥകളുടെയും വന്‍തോതിലുള്ള ഊര്‍ജ്ജം ബിറ്റ്കോയിന്‍ ഉപയോഗിക്കുന്നു. ഓസ്ട്രിയയുമായാണ് ബിറ്റ്കോയിനെ ഇ സി ബി താരതമ്യപ്പെടുത്തുന്നത്. പ്രതിവര്‍ഷം വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നു. മറുവശത്ത് ഹാര്‍ഡ്വെയര്‍ മാലിന്യങ്ങളുടെ വന്‍മലകളെ സൃഷ്ടിക്കുന്നു. കാര്യക്ഷമതയില്ലായ്മയാണ് ഇതിന്റെ സവിശേഷത’.
അനുയോജ്യമായ നിക്ഷേപമല്ല
ബിറ്റ്‌കോയിന്‍ ഒരിക്കലും അനുയോജ്യമായ നിക്ഷേപമല്ലെന്ന് ഇ സി ബി ഓര്‍മ്മിപ്പിക്കുന്നു.റിയല്‍ എസ്റ്റേറ്റ് പോലെ പണമൊഴുകുന്ന മേഖലയുമല്ല.ഇക്വിറ്റികള്‍ പോലെ ലാഭവിഹിതവും തരുന്നതോ ചരക്ക് പോലെ ഉല്‍പ്പാദനപരമായി ഉപയോഗിക്കാനോ സ്വര്‍ണം പോലെ ഗിഫ്ടായി നല്‍കാനോ കഴിയുന്നതുമല്ല. ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബിറ്റ്‌കോയിന്റെ വിപണി മൂല്യനിര്‍ണ്ണയം. ഇതാകട്ടെ പുതിയ പണത്തെ ആശ്രയിച്ചുള്ളതുമാണെന്ന് ബ്ലോഗില്‍ പറയുന്നു.
പാരിസ്ഥിതികമായ വിയോജിപ്പിനു പുറമേ, ക്രിപ്‌റ്റോയെ സംബന്ധിച്ച നിയമനിര്‍മ്മാണത്തെക്കുറിച്ചും ഇ സി ബി മുന്നറിയിപ്പ് നല്‍കുന്നു. പേയ്‌മെന്റ് സംവിധാനമെന്ന നിലയിലോ നിക്ഷേപത്തിന്റെ രൂപമായോ ബിറ്റ്‌കോയിന്‍ അനുയോജ്യമല്ല.അതിനാല്‍ ഇതിനെ നിയന്ത്രിക്കുകയോ നിബന്ധനകള്‍ക്കുള്ളിലാക്കുകയോ ചെയ്യേണ്ടതില്ല.നിയമാനുസൃതമാക്കേണ്ടതുമില്ല. ബിറ്റ്കോയിന്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദീര്‍ഘകാല നാശത്തെക്കുറിച്ച് സാമ്പത്തിക വ്യവസായം ജാഗ്രത പാലിക്കണമെന്ന് ഇ സി ബി ഓര്‍മ്മിപ്പിച്ചു.
ചാഞ്ചാടുന്ന വിപണി
2021 നവംബറില്‍, ബിറ്റ്‌കോയിന്റെ മൂല്യം 69,000 ഡോളറിലെത്തിയിരുന്നു. 2022 ജൂണില്‍ 17,000 ഡോളറായി കുറഞ്ഞു. അതിനുശേഷം, മൂല്യം ഏകദേശം 20,000 ഡോളറായി .അടുത്തിടെയുണ്ടായ എഫ് ടി എക്‌സ് അഴിമതി ബിറ്റ്‌കോയിനെ 16,00 ഡോളറിന് താഴെയെത്തിച്ചു.
2020 അവസാനത്തോടെ, കമ്പനികള്‍ ബിറ്റ്കോയിനെ വളരെയധികം പ്രോത്സാഹിപ്പിച്ചു തുടങ്ങി. ചില വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) സ്ഥാപനങ്ങള്‍ ക്രിപ്റ്റോയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.
എഫ് ടി എക്‌സിന്റെ തകര്‍ച്ച
32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ എഫ് ടി എക്‌സ് അടുത്തിടെ തകര്‍ന്നതോടെയാണ് ഇതിനെക്കുറിച്ചുള്ള ആശങ്കകള്‍ സജീവമായത്. എക്‌സ്‌ചേഞ്ച് 2019ലാണ് സ്ഥാപിച്ചത്. 2021 ജൂലൈയോടെ അത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒരു മില്യണിലേറെ ഉപയോക്താക്കളുള്ള മൂന്നാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായിരുന്നു.അതാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്.
2008ലാണ് നിലവിലുള്ള പണ-സാമ്പത്തിക വ്യവസ്ഥയുടെ പിഴവുകള്‍ മറികടക്കുന്നതിനെന്ന നിലയില്‍ ബിറ്റ്കോയിന്‍ രംഗത്തു വന്നത്. ആഗോള ഇടപാടുകളെ ജനാധിപത്യവല്‍ക്കരിക്കുന്ന വികേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയായാണ് ഈ ആശയം രൂപംകൊണ്ടത്. അനാവശ്യ ഫീസോ സെന്‍ട്രല്‍ ബാങ്ക് കൃത്രിമത്വമോ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു.