ലബനന്‍ : ലെബനനില്‍ യു എന്‍ സമാധാന സേനയ്ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഐറിഷ് അംഗത്തിന് പരിക്കേറ്റു. ഡോണഗേലിലെ ന്യൂടൗണ്‍കുന്നിംഗ്ഹാം സ്വദേശിയായ പ്രൈവറ്റ് ഷോൺ റൂണി(24)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഐറിഷ് സമയം രാത്രി 9 മണിയോടെ ബെയ്‌റൂട്ടിലേക്ക് യാത്ര ചെയ്ത വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
യുണിഫില്‍ 121ാം ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ ഭാഗമായ എട്ട് ഉദ്യോഗസ്ഥരുമായി പോയ രണ്ട് കവചിത വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ നാല് പേരെ ബെയ്‌റൂട്ടില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ സിഡോണിനടുത്തുള്ള റായ് ഹോസ്പിറ്റലിലെത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്രൈവറ്റ് റൂണി മരിച്ചിരുന്നതായി പ്രതിരോധ സേന അറിയിച്ചു.പ്രെവറ്റ് ഷെയ്ന്‍ കീര്‍ണി(23) ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
മറ്റ് രണ്ട് സൈനികരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ മൂന്ന് സൈനികരെയും പിന്നീട് യുഎന്‍ നിയന്ത്രിക്കുന്ന ഹമ്മൂദിലെ ആശുപത്രിയിലേക്ക് മാറ്റി.മറ്റു നാലു പേര്‍ക്കും പരിക്കില്ല.
പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തുള്ള അല്‍-അഖ്ബിയ ഗ്രാമത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് യുണിഫില്‍ പറഞ്ഞു.പ്രൈവറ്റ് റൂണി 2019 മാര്‍ച്ചിലാണ് ഡിഫന്‍സ് ഫോഴ്‌സില്‍ ചേര്‍ന്നത്. ഡണ്ടള്‍ക്കിലെ 27 ഇന്‍ഫന്‍ട്രി ബറ്റാലിയനായിരുന്നു ഇദ്ദേഹത്തിന്റെ ഹോം യൂണിറ്റ്.
കോര്‍ക്കിലെ കില്ലേഗില്‍ നിന്നുള്ളയാണ് പ്രൈവറ്റ് കീര്‍നി. 2018 ഒക്ടോബറിലാണ് പ്രതിരോധ സേനയില്‍ ചേര്‍ന്നത്. കോളിന്‍സ് ബാരക്ക്സ് കോര്‍ക്കിലെ 1 കാവല്‍റി സ്‌ക്വാഡ്രണ്‍ ആണ് ഇദ്ദേഹത്തിന്റെ ഹോം യൂണിറ്റ്. മുമ്പ് 117 ഇന്‍ഫന്‍ട്രി ബറ്റാലിയനുമായി വിദേശത്ത് സേവനമനുഷ്ഠിച്ചിട്ടുമുണ്ട് കീര്‍നി.
കില്ലേഗിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഷെയ്ന്‍ കീര്‍നിക്ക് വേണ്ടി നടന്ന പ്രാര്‍ത്ഥനയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.സമാധാനം പാലിക്കുന്നതിനായി ജീവന്‍ നല്‍കിയ സൈനികന്റെ മരണത്തില്‍ അഗാധമായ ദുഃഖിക്കുകയാണെന്ന് പ്രസിഡന്റ് മീഹോള്‍ ഡി. ഹിഗ്ഗിന്‍സ് പറഞ്ഞു.
ആക്രമണത്തില്‍ പങ്കില്ലെന്ന് സീനിയര്‍ ഹിസ്ബുള്ള നേതാവ്
ആക്രമണത്തില്‍ പങ്കില്ലെന്ന് സീനിയര്‍ ഹിസ്ബുള്ള നേതാവ് വാഫിഖ് സഫ പറഞ്ഞു.അല്‍-അഖ്ബിയയിലെ താമസക്കാരും ഐറിഷ് യൂണിറ്റും തമ്മിലുണ്ടായ സംഭവമാണിത്. ഈ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്. ഇതുമായി പാര്‍ട്ടിയെ ബന്ധപ്പെടുത്തരുതെന്ന് വാഫിഖ് സഫ പറഞ്ഞു.
ലബനന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി സംഭവത്തില്‍ ഖേദം അറിയിച്ചു.ലബനന്‍ സൈന്യം അനുശോചനം അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയില്ല.
ഹിസ്ബുല്ലയെ വിശ്വസിക്കുന്നില്ലെന്ന് അയര്‍ലണ്ട്
ആക്രമണത്തില്‍ പങ്കില്ലെന്ന പ്രഖ്യാപനം അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.അന്വേഷണത്തിലൂടെ പൂര്‍ണ്ണമായ സത്യം പുറത്തുവരുന്നതുവരെ ഈ വിശദീകരണം സ്വീകരിക്കില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ലെബനന്‍ ഉറപ്പുതന്നിട്ടുണ്ട്. യുഎന്നിന്റെ മുഴുവന്‍ വിഭവങ്ങളും ഇക്കാര്യത്തില്‍ ഉപയോഗിക്കാമെന്ന് യു എന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയര്‍ലണ്ടും ഐക്യരാഷ്ട്രസഭയും ലെബനനും പ്രത്യേകമായി നടത്തുന്ന അന്വേഷണങ്ങളിലൂടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്.
ആഴത്തില്‍ വേദനിപ്പിക്കുന്നതാണ് പ്രൈവറ്റ് റൂണിയുടെ മരണമെന്ന് പ്രതിരോധ സേനാ മേധാവി സീന്‍ ക്ലാന്‍സി പറഞ്ഞു.നിരവധി പതിറ്റാണ്ടുകളായി ലെബനനില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു മരണം സംഭവിച്ചിട്ട് 20 വര്‍ഷത്തിലേറെയായെന്നും ഇദ്ദേഹം പറഞ്ഞു.