ഡബ്ലിന്‍ : മോര്‍ട്ട്ഗേജ് എടുത്തവര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍.ഡെയ്ലില്‍ സിന്‍ ഫെയ്‌നിന്റെ പിയേഴ്‌സ് ഡോഹെര്‍ട്ടിയുടെ ഇതു സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
2021ജനുവരിയില്‍ അവസാനിപ്പിച്ചതാണ് ഈ പദ്ധതി. പലിശനിരക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന സമയത്താണ് നികുതിയിളവ് നല്‍കിയിരുന്ന സ്‌കീം കൊണ്ടുവന്നത്.ഈ പദ്ധതി നടപ്പാക്കുന്നത് പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല, എന്നിരുന്നാലും ഇപ്പോഴുണ്ടാകില്ല. ബജറ്റ് റീഓപ്പണ്‍ ചെയ്യുന്ന വേളയില്‍ ഇക്കാര്യം പരിശോധിക്കാനിടയുണ്ടെന്നും വരദ്കര്‍ പറഞ്ഞു.
ഇ സി ബി ഇനി പലിശ നിരക്ക് വര്‍ധന ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല. അഥവാ ഉണ്ടായാല്‍ത്തന്നെയും ഒരു പ്രാവശ്യം കൂടിയേ ഉണ്ടാവുകയുള്ളുവെന്നാണ് കരുതുന്നതെന്നും വരദ്കര്‍ പറഞ്ഞു.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ സി ബി) പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പിയേഴ്‌സ് ഡോഹെര്‍ട്ടി ഈ വിഷയത്തെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്.
എന്നാല്‍ പലിശ നിരക്ക് വര്‍ധനവിന്റെ ദുരിതങ്ങള്‍ ഡോഹര്‍ട്ടി പാര്‍ലമെന്റില്‍ വിവരിച്ചു. ഇപ്പോഴത്തെ പലിശ നിരക്കനുസരിച്ച് 2,00,000 യൂറോയുടെ മോര്‍ട്ട്ഗേജുള്ള വീട്ടുടമയ്ക്ക് തിരിച്ചടവില്‍ വര്‍ഷംതോറും 3,000 യൂറോയിലധികം വര്‍ധനവുണ്ടാകുമെന്ന് ഡോഹെര്‍ട്ടി പറഞ്ഞു.
ട്രാക്കര്‍ മോര്‍ട്ട്ഗേജുകളുള്ള 1,94,000 കുടുംബങ്ങളാണുള്ളത് .വരും മാസങ്ങളില്‍ ബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തിയാല്‍ ഇപ്പോള്‍ത്തന്നെ വളരെ കഷ്ടത്തിലായ മോര്‍ട്ടുഗേജുകാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുമെന്നും ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടി.
അതിനാല്‍ ഇ സി ബിയുടെ പലിശ വര്‍ധനവ് മോര്‍ട്ട് ഗേജുകാര്‍ക്ക് മേല്‍ പതിക്കാതിരിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണം.മോര്‍ട്ട്ഗേജ് പലിശ ഇളവ് നടപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇക്കാര്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോഹര്‍ട്ടി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പുതിയ പ്രധാനമന്ത്രി പുനഃസംഘനയ്ക്കൊരുങ്ങുന്നു
ഡബ്ലിന്‍ : നിയുക്ത പ്രധാനമന്ത്രി ലിയോ വരദ്കര്‍ മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് തയ്യാറെടുക്കുന്നതായി സൂചനകള്‍.കഴിഞ്ഞ ഡിസംബറില്‍ത്തന്നെ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉപ പ്രധാനമന്ത്രി നടത്തിയിരുന്നു.പുനസ്സംഘടനയില്‍ പദവികള്‍ ലഭിക്കണമെങ്കില്‍ ടി ഡിമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് സ്ഥിരീകരിക്കണമെന്നാണ് വരദ്കര്‍ ആവശ്യപ്പെട്ടത്.
എല്ലാ പാര്‍ട്ടികളിലും മന്ത്രിമാരില്‍ ചിലരെ മാറ്റിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വൈകിട്ട് തന്നെ ഉണ്ടായേക്കും.