ന്യൂയോർക്ക് : മെഡിക്കെയറിനെ പറ്റിച്ചു $463 മില്യൺ അടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ അമേരിക്കൻ മിണാൽ പട്ടേൽ (44) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. അറ്റ്ലാന്റയിൽ ലാബ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ പട്ടേൽ അത്യാധുനിക പരിശോധനകൾ നടത്തിയിരുന്നു. 2016 ജൂലൈക്കും 2019 ഓഗസ്റ്റിനും ഇടയിൽ ലാബ് സൊല്യൂഷൻസ് മെഡിക്കെയറിനു $463 മില്യൺ ബില്ലുകൾ നൽകി.
അനാവശ്യമായ ജനറ്റിക് പരിശോധനകൾക്കുള്ള ഫീസായിരുന്നു അതിൽ പലതുമെന്നു പ്രോസിക്യൂഷൻ പറയുന്നു. ലാബ് സൊല്യൂഷൻസിനു മെഡിക്കെയർ $ 187 മില്യൺ നൽകുകയും ചെയ്തു. അതിൽ $21 മില്യൺ പട്ടേലിനു സ്വന്തമായി കിട്ടി.
ഉയർന്ന നിരക്കുകളുള്ള കാൻസർ ജനറ്റിക് ടെസ്റ്റുകൾക്കു മെഡിക്കെയർ പണം തരുമെന്നു രോഗികളെ ബോധ്യപ്പെടുത്താൻ ബ്രോക്കർമാരെയും ടെലിമെഡിസിനെ കമ്പനികളെയും കോൾ സെന്ററുകളെയും പട്ടേൽ ഉപയോഗപ്പെടുത്തി. ഈ പരിശോധനകൾക്കു ഡോക്ടർമാരിൽ നിന്നു കൈക്കൂലി കൊടുത്തു പരിശോധനാ കുറിപ്പുകളൂം സംഘടിപ്പിച്ചു.
പട്ടേലിനെതിരെ കൊണ്ടു വന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ഫ്ലോറിഡ സതേൺ ഡിസ്ട്രിക്ടിൽ ഫെഡറൽ ജൂറി പറഞ്ഞു. അടുത്ത മാർച്ച് 7 നു ശിക്ഷ വിധിക്കും. മൊത്തം 65 വർഷം വരെ തടവ് ലഭിക്കാം.