ന്യൂയോർക്ക് : ട്വിറ്ററിന്റെ പുതിയ ഉടമ എലോൺ മസ്‌ക് ഏഴു മാധ്യമ പ്രവർത്തകരെ സാമൂഹ്യ മാധ്യമത്തിൽ നിന്നു വിലക്കി. അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും മഹത്തരമെന്നു പ്രഖ്യാപിക്കുന്ന മസ്‌ക് ഈ നടപടി എടുത്തത് അവർ അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ കയറ്റി എന്നാരോപിച്ചാണ്.
മസ്‌കിന്റെ സ്വകാര്യ ജെറ്റിലെ പറക്കൽ നിരീക്ഷിച്ച ഫ്ലോറിഡയിലെ വിദ്യാർഥി ജാക്ക് സ്വീനിയുമായി അദ്ദേഹത്തിനുണ്ടായ തർക്കങ്ങളെ കുറിച്ചു റിപ്പോർട്ട് ചെയ്തു എന്നതാണ് അവരുടെ 'കുറ്റം.' തന്റെ സ്വകാര്യതയിലേക്കു കടന്നു കയറി എന്നാരോപിച്ചു സ്വീനിയെ ട്വിറ്ററിൽ നിന്നു മസ്‌ക് വിലക്കിയിരുന്നു.
ന്യു യോർക്ക് ടൈംസ് റിപ്പോർട്ടർ റയാൻ മാക്, സി എൻ എൻ ടെലിവിഷന്റെ ഡോണി ഓ സള്ളിവൻ,
വാഷിംഗ്‌ടൺ പോസ്റ്റിന്റെ ഡ്രൂ ഹാർവെൽ എന്നിവർ മസ്‌കിന്റെ നിരോധനത്തിൽ പെടുന്നു.
"മാധ്യമപ്രവർത്തകർക്കു പ്രത്യേക മഹത്വമൊന്നുമില്ല," മസ്‌ക് പറഞ്ഞു. "സ്വകാര്യതയിലേക്കു കടന്നാൽ വിലക്കും, അത്ര തന്നെ."
അന്യായമായ വിലക്കിനെ സി എൻ എന്നും വാഷിംഗ്‌ടൺ പോസ്റ്റും അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്നു മസ്‌ക് ഉദ്ദേശിക്കുന്നത് എന്താണെന്ന് 'പോസ്റ്റ്' എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബസ്‌ബി ചോദിച്ചു. മസ്കിനെ കുറിച്ചു ഹാർവെൽ പറഞ്ഞതെല്ലാം സത്യമാണ്.
ഹൗസിൽ നീക്കങ്ങൾ
പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനെ കുറിച്ചുള്ള റിപോർട്ടുകൾ മുൻപ് ട്വിറ്റർ പൂഴ്ത്തി എന്ന വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ അതിനിടെ യുഎസ് ഹൗസിൽ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾ നീക്കം തുടങ്ങി. 'ട്വിറ്റർ ഫയൽസ്' എന്നു പേരു വീണ വിഷയത്തിൽ ജനുവരിയിൽ സഭയുടെ നിയന്ത്രണം ഏറ്റെടുത്താലുടൻ അന്വേഷണം തുടങ്ങും.
സർക്കാർ തലത്തിൽ ഇടപെട്ടു വാർത്ത പൂഴ്ത്തിയതായി തെളിവില്ലെന്നു 'ട്വിറ്റർ ഫയൽസ്' പുറത്തു കൊണ്ടുവന്ന മൈക്ക് ടാബി പറഞ്ഞു. എന്നാൽ എവിടെയെങ്കിലും തുമ്പു കിട്ടുമെന്നാണ് ഒഹായോവിൽ നിന്നുള്ള റിപ്പബ്ലിക്കൻ റെപ്. ജിം ജോർഡൻ പറയുന്നത്.
ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുസരിച്ചു ട്വിറ്ററിനെ സെൻസർ ചെയ്യാൻ കഴിയുമെന്നു ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.