ടെക്സസ് : അലാസ്‌ക സംസ്ഥാനത്തു പെരുമാറ്റ വൈകല്യമുള്ള കുട്ടികളെ വീടുകളിൽ നിന്നു വേർപെടുത്തുന്ന പതിവുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെൻറ് (ഡി ഓ ജെ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മനോരോഗ ചികിത്സാ കേന്ദ്രങ്ങൾ, വീടുകളിൽ ചികിത്സ നടത്തുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവരെ നീക്കം ചെയ്യുന്നത്. പലപ്പോഴും സ്വന്തം വീടുകളിൽ നിന്ന് ആയിരക്കണക്കിനു മൈൽ അകലേക്കാണ് കുട്ടികളെ കൊണ്ടു പോകുന്നത്.
അലാസ്‌കയിൽ സാമൂഹ്യ അടിസ്ഥാനത്തിൽ നൽകേണ്ട സേവനങ്ങൾ ഇല്ല എന്നതാണ് ഒരു പ്രശ്നം. അതു കൊണ്ട് കുട്ടികളെ സ്ഥാപനങ്ങളിലാക്കി സമൂഹത്തിൽ നിന്നു അകറ്റുകയാണ് ചെയ്യുന്നത്. വൈകല്യമുള്ളവർക്കു വേണ്ടിയുള്ള അമേരിക്കൻസ് വിത്ത് ഡിസബിലിറ്റീസ് ആക്ടിന്റെ (എ ഡി എ) ലംഘനമാണിത്. സംസ്ഥാനം ഈ നിയമം ലംഘിക്കുന്നുവെന്നു കരുതാൻ ന്യായമുണ്ടെന്നു ഡി ഓ ജെ പത്രക്കുറിപ്പിൽ പറഞ്ഞു. പെരുമാറ്റ വൈകല്യമുള്ള കുട്ടികൾക്ക് സ്വന്തം സമൂഹത്തിൽ തന്നെ സഹായം നൽകണമെന്നു നിയമം അനുശാസിക്കുന്നു. ജനങ്ങളിൽ നിന്ന് വേർപെടുത്തി അവരെ ചില സ്ഥാപനങ്ങളിൽ കൊണ്ടു തള്ളുന്നതു കുറ്റകരമാണ്.
മിസൂറി, ടെക്സസ് തുടങ്ങി വിദൂര സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്ന കുട്ടികൾ അവിടെ ഏറ്റവും കുറഞ്ഞത് ആറു മാസം കഴിയേണ്ടി വരുന്നു.
ഡി ഓ ജെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റന്റ് അറ്റോണി ജനറൽ ക്രിസ്റ്റീൻ ക്ലർക്ക് പറഞ്ഞു: "വർഷം തോറും നൂറു കണക്കിനു കുട്ടികളെയാണ് ഇങ്ങിനെ വീടുകളിൽ നിന്നു മാറ്റുന്നത്. സ്വന്തം സമൂഹങ്ങളിൽ നിന്നു പറിച്ചെടുത്തു സ്ഥാപനങ്ങളിൽ കൊണ്ടു പോയി അടച്ചിടുന്നു.
"സമൂഹം വേണ്ടത്ര കരുതൽ നൽകിയാൽ ഈ കുട്ടികളിൽ മിക്കവർക്കും സ്വന്തം വീടുകളിൽ കഴിയാനാവും. ഫെഡറൽ നിയമം അനുസരിച്ചു പ്രവർത്തിക്കാൻ അലാസ്‌കയെ ഞങ്ങൾ പ്രേരിപ്പിക്കും."