ബര്‍ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തണമെന്ന ആവശ്യം ജര്‍മനിയില്‍ ശക്തമാകുന്നു. അതേസമയം, നിലവിലുള്ള പെന്‍ഷന്‍ പ്രായം വരെ പൂര്‍ണമായി ജോലി ചെയ്യുന്നവരുടെ എണ്ണം പോലും രാജ്യത്ത് കുറഞ്ഞു വരുകയാണ്. അറുപത് വയസിനു മുന്‍പേ സ്വയം വിരമിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പോലും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
/sathyam/media/post_attachments/2DTsbEEmBt2LIxf1lyiv.jpg)
രാജ്യത്ത് നിലവില്‍ 25 ശതമാനം ജീവനക്കാരും പെന്‍ഷന്‍ പ്രായമെത്തും മുന്‍പേ വിരമിക്കുന്നു എന്നാണ് കണക്ക്. നിശ്ചിത കാലയളവ് സര്‍വീസ് ഉള്ള എല്ലാവര്‍ക്കും മുന്‍കൂട്ടി വിരമിച്ചാലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണായി ലഭ്യമാകുന്ന വിധത്തിലാണ് രാജ്യത്തെ നിയമം.
നിലവില്‍ 65 വയസാണ് രാജ്യത്തെ പെന്‍ഷന്‍ പ്രായം. 2029 ആകുന്നതോടെ ഇത് 67 വയസിലെത്തിക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നതാണ്. ഇതിനിയും കൂട്ടുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അതേസമയം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയാണോ അതോ മുന്‍കൂട്ടി വിരമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയാണോ വേണ്ടതെന്ന കാര്യത്തില്‍ ഭരണ മുന്നണിക്കുള്ളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതേയുള്ളൂ. സ്വയം വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ സര്‍വീസില്‍ ശേഷിക്കുന്ന ഓരോ വര്‍ഷത്തിനും നിശ്ചിത തുക വാര്‍ഷിക പെന്‍ഷനില്‍ നിന്ന് കുറയ്ക്കാനുള്ള നിര്‍ദേശവും പരിഗണനയിലാണ്.