അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഉദാരമാക്കി സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തൊഴില്‍ വിപണിയിലെ വിദഗ്ധ ജോലിക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് തുടക്കമിട്ട് വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായത്തില്‍ ശദ്ധേയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൃഷി, ഗതാഗതം, ഹോം കെയര്‍ മേഖലകളിലെ വിദഗ്ധ തൊഴിലാളികളുടെ കുറവാണ് പരിഹരിക്കാനൊരുങ്ങുന്നത്.
publive-image

Advertisment

കൃഷി, ഗതാഗതം, ഹോം കെയര്‍ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍,ബസ് – കോച്ച് ഡ്രൈവര്‍മാര്‍ക്കും പെര്‍മിറ്റ് നല്‍കും

പുതിയ മാറ്റങ്ങളനുസരിച്ച് ഇന്ത്യ അടക്കമുള്ള യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇ ഇ എ) പുറത്തുള്ള ഡയറി ഫാം അസിസ്റ്റന്റുമാര്‍, ബസ്, കോച്ച് ഡ്രൈവര്‍മാര്‍, ഹോം കെയറര്‍മാര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ തൊഴില്‍ പെര്‍മിറ്റിന് അര്‍ഹതയുണ്ടാകും.

28 ദിവസം പരസ്യങ്ങള്‍ നല്‍കിയ ശേഷവും ആളെ കിട്ടിയില്ലെങ്കില്‍ തൊഴിലുടമകള്‍ക്ക് തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകും.തൊഴിലാളികളില്ലാതെ പാടുപെടുന്ന ക്ഷീരമേഖലയടക്കം നേരിടുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ സര്‍ക്കാര്‍ നടപടികള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ഹോം കെയറര്‍മാരുടെ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് 2022 മാര്‍ച്ചില്‍ ഒരു ക്രോസ്-ഡിപ്പാര്‍ട്ട്മെന്റല്‍ അഡൈ്വസറി ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.പ്രൈവറ്റ്- പബ്ലിക് കെയര്‍ മേഖലയിലെയും പ്രായമായവര്‍ക്കുള്ള ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലെയും വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ഈ ഗ്രൂപ്പ് സംവിധാനമൊരുക്കും.

ഗതാഗത മേഖല നേരിടുന്ന റിക്രൂട്ട്‌മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബസ്, കോച്ച് ഡ്രൈവര്‍മാര്‍ക്കായി 1,500 എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ അനുവദിക്കും.

ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്താന്‍ നോണ്‍ ഇ ഇ എ ഇതര പൗരന്മാരുടെ വരവ് സഹായിക്കുമെന്ന് തൊഴില്‍, സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു.എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകളുടെ നിലവിലെ പ്രോസസ്സിംഗ് സമയം മൂന്ന് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാണെന്ന് എന്റര്‍പ്രൈസ്, ട്രേഡ് ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പ് വ്യക്തമാക്കി.

തൊഴില്‍തട്ടിപ്പുകാരെ സൂക്ഷിക്കുക

ആശ്രിത വിസയില്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പേര്‍ അയര്‍ലണ്ടിലുണ്ട് .നിലവില്‍ ഇവര്‍ക്കാര്‍ക്കും ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

അതേ സമയം സര്‍ക്കാരിന്റെ ഓരോ പ്രഖ്യാപനം വരുമ്പോഴും ,നിരവധി തൊഴില്‍ റിക്രൂട്‌മെന്റ് സ്ഥാപനങ്ങളും എജന്റുമാരും സാധാരണ അപേക്ഷകരെ ‘ചാക്കിലാക്കാന്‍ രംഗത്തിറങ്ങുന്നുണ്ട്. ഇവരുടെ പിടിയില്‍ പെട്ട് വഞ്ചിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. അംഗീകൃത ഏജന്‍സികളെ കണ്ടെത്തി അപേക്ഷിക്കുകയെന്ന ഒരൊറ്റ മാര്‍ഗമേ ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമുള്ളൂ.

ഒറ്റ അപേക്ഷ മതി ! വര്‍ക്ക് പെര്‍മിറ്റിനും ഇമിഗ്രേഷന്‍ പെര്‍മിഷനും

എംപ്ലോയ്‌മെന്റ് പെര്‍മിറ്റിനും എമിഗ്രേഷന്‍ പെര്‍മിഷനുമായി ഏക ജാലക സംവിധാനമൊരുങ്ങുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എംപ്ലോയ്‌മെന്റ് പെര്‍മിറ്റിനും എമിഗ്രേഷന്‍ പെര്‍മിഷനുമായി(വിസാ അപേക്ഷകൾ) ഏക ജാലക സംവിധാനമൊരുങ്ങുന്നതോടെ ഈ സംവിധാനത്തില്‍ കീഴില്‍ ഇരു ആവശ്യങ്ങള്‍ക്കും ഒറ്റ അപേക്ഷ നല്‍കിയാല്‍ മതിയാകും.

യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ളവര്‍ക്ക് നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യണമെങ്കില്‍ ആദ്യം വര്‍ക്ക് പെര്‍മിറ്റിനായി എന്റര്‍പ്രൈസ്, ട്രേഡ് ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പില്‍ അപേക്ഷ നല്‍കണം.കൂടാതെ എമിഗ്രേഷന്‍ അനുമതി തേടി ജസ്റ്റിസ് വകുപ്പിലും അപേക്ഷിക്കണം.ഈ നടപടി ക്രമമാണ് ലഘൂകരിക്കുന്നത്.ഇതിന്റെ ഭാഗമായി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഗ്രൂപ്പിന്റെ ശുപാര്‍ശയില്‍ ആറ് മാസത്തിനുള്ളില്‍ പുതിയ സംവിധാനം നടപ്പിലാക്കും.

വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും എമിഗ്രേഷന്‍ അനുമതികള്‍ക്കുമുള്ള ഏകജാലക നടപടിക്രമം കൊണ്ടുവരണമെന്നതു സംബന്ധിച്ച നിര്‍ദ്ദേശം 2022 ഏപ്രിലില്‍ യൂറോപ്യന്‍ കമ്മീഷനാണ് യൂറോപ്യന്‍ പാര്‍ലമെന്റിനും കൗണ്‍സിലിനും സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലളിതമാക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാരുമായുള്ള ഇടപെടലുകളെല്ലാം കഴിയുന്നത്ര സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഏക ജാലക സംവിധാനം വഴിയൊരുക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

നടപടികളെല്ലാം എളുപ്പമാക്കുന്ന ഒരു പുതിയ, ഉപയോക്തൃ-സൗഹൃദ സംവിധാനമാകും ഇതിലൂടെ വികസിക്കുകയെന്ന് ജസ്റ്റിസ് മന്ത്രി ഹീതര്‍ ഹംഫ്രീസും അഭിപ്രായപ്പെട്ടു.

Advertisment