ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഇന്ത്യക്കാരനായ ലിയോ വരദ്കര്‍ എത്തുന്നു. ത്രികക്ഷി ഭരണസഖ്യത്തിലെ ധാരണയനുസരിച്ചാണ് ലിയോ വരദ്കറുടെ രണ്ടാമൂഴം. ഉപപ്രധാനമന്ത്രി പദത്തില്‍ നിന്നുമുള്ള പ്രമോഷനാണ് വരദ്കര്‍ക്കിത്. അതേ സമയം മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി കസേരയില്‍ നിന്നിറങ്ങും. സാധാരണ ടി ഡി യായി അദ്ദേഹം തുടരുമോ,വരദ്കറിന് കീഴില്‍ ഉപ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമോ എന്നത് സംബന്ധിച്ച തീരുമാനം അന്തിമമായി പുറത്തുവന്നിട്ടില്ല. അയര്‍ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മിശ്രവംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്കര്‍(43).
ഇന്ന് രാവിലെ മിഹോള്‍ മാര്‍ട്ടിന്‍ രാജി സമര്‍പ്പിക്കും
ഇന്ന് രാവിലെ പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെ സന്ദര്‍ശിച്ച് നിലവിലുള്ള പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടീന്‍ രാജി സമര്‍പ്പിക്കും..
തുടര്‍ന്ന് ഡയല്‍ ചേരുമ്പോള്‍ ഫിനഗേല്‍ ടിഡിമാരായ റിച്ചാര്‍ഡ് ബ്രൂട്ടണും എമര്‍ ഹിഗ്ഗിന്‍സും ലിയോയുടെ പേര് നിര്‍ദ്ദേശിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് തന്നെ വരദ്കറിനെ ഐറിഷ് പ്രധാനമന്ത്രി (ടീഷേക്ക്)യായി നാമനിര്‍ദ്ദേശം ചെയ്യാന്‍ ഐറിഷ് പാര്‍ലമെന്റില്‍ ഡെയില്‍ വോട്ടെടുപ്പ് നടക്കും.
ഐറിഷ് ജനസമൂഹത്തിന് പുതിയ പ്രത്യാശയും പാര്‍പ്പിടസ്ഥിരതയും സാമ്പത്തിക അവസരവും എല്ലാവര്‍ക്കും ന്യായമായ അവസരങ്ങളും നല്‍കുകയെന്നതാണ് തന്റെ ദൗത്യമെന്ന് വരദ്കര്‍ മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുള്ളത് അദ്ദേഹം ആവര്‍ത്തിച്ചേക്കും.
തുടര്‍ന്ന് ഉച്ചഭക്ഷണസമയത്ത് രാഷ്ട്രപതി ഭവനിലെത്തി പ്രസിഡണ്ടിനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിനുള്ള അവസരം അഭ്യര്‍ത്ഥിക്കും., തുടര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ബില്‍ഡിംഗില്‍ തിരിച്ചെത്തും. .
കാബിനിറ്റില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല,മിഹോള്‍ മാര്‍ട്ടിന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആകുമെന്ന് കരുതപ്പെടുന്നു.
മൈക്കല്‍ മഗ്രാത്ത് ധനകാര്യ മന്ത്രിയാകും, പാസ്ചല്‍ ഡോണോഹോ പൊതു ചെലവിലേക്കും പരിഷ്‌കരണത്തിലേക്കും നീങ്ങും.
പുതിയ ചീഫ് വിപ്പിനെയും അറ്റോര്‍ണി ജനറലിനെയും നിയമിക്കും.
ഇന്നത്തെ ഡെയ്ല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷംസര്‍ക്കാരിന്റെ നിലവിലുള്ള നയത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു റൊട്ടേഷന്‍ മാത്രമേ നടക്കുന്നുവുള്ളുവെന്നും,അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലന്നും പ്രധാന പ്രതിപക്ഷ കക്ഷിയായ സിന്‍ ഫെയ്ന്‍ വിലയിരുത്തി.
അതേസമയം, പുനഃസംഘടന സംബന്ധിച്ച് സര്‍ക്കാര്‍ കക്ഷി നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു.
ഇന്ന് , വൈകുന്നേരം 5 മണിക്ക് കാബിനറ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.
അധികാരക്കൈമാറ്റവും ചരിത്രം
അയര്‍ലണ്ടിന്റെയും ഫിനഗേല്‍-ഫിനഫാള്‍ എന്നീ മധ്യവലതുപക്ഷ പാര്‍ട്ടികളുടെയും ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു അധികാരക്കൈമാറ്റമെന്നതും പുതുമയാണ്.20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഐറിഷ് സിവില്‍ വാര്‍ മുതലുള്ള ചരിത്രത്തില്‍ ഇരു പാര്‍ട്ടികളും എതിര്‍ ചേരികളിലായിരുന്നു.2020ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടിയുമായി മുന്നണി സംവിധാനമുണ്ടാക്കിയതും അധികാരം പങ്കിടുന്നതിന് കരാറുണ്ടായതും.
2017ല്‍ ഫിനഗേലിന്റെ പുതുമുഖ നായകനായിരുന്നു വരദ്കര്‍.എന്നാല്‍ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ വരദ്കര്‍ക്ക് തിളങ്ങുന്ന പഴയ പ്രതിച്ഛായയുണ്ടോയെന്നത് സംശയമാണ്. 2020ലെ തിരഞ്ഞെടുപ്പിലെ പ്രകടനവും ഉപപ്രധാനമന്ത്രിയായിരിക്കെയുണ്ടായ വിവാദങ്ങളുമെല്ലാം വരദ്കറുടെ ജനപ്രിയതയെ ബാധിച്ചതായാണ് നിരീക്ഷിക്കപ്പെടുന്നത്.
സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് ഡിസംബറില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 43 ശതമാനം പേരും മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി തുടരുന്നതിനെ അനുകൂലിച്ചത് ഇതിന് തെളിവായി നിരീക്ഷിക്കപ്പെടുന്നു. 34 ശതമാനം ആളുകള്‍ മാത്രമേ വരദ്കറെ പിന്തുണച്ചുള്ളു.
വരദ്കര്‍ കൊണ്ടുവന്നു പുതുമയും ചരിത്രവും
യാഥാസ്ഥിതിക കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ വരദ്കര്‍ രാഷ്ട്രീയം വലിയ പുതുമയാണ് കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ വരദ്കറിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ലോകം ശ്രദ്ധിച്ചു.
38ാം വയസ്സിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി വരദ്കര്‍ ചുമതലയേറ്റത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ദേശീയ മാധ്യമത്തില്‍ കൂടി വെളിപ്പെടുത്തിയ ഒരാളെ ഗവണ്‍മെന്റ് മേധാവിയാക്കിയെന്നതും ഇന്ത്യന്‍ വംശജന്‍ എന്നതുമെല്ലാം വരദ്കറെ കൂടുതല്‍ ശ്രദ്ധേയനാക്കി.
കോവിഡും ബ്രക്സിറ്റും നല്‍കിയ മൈലേജ്
സമീപകാല വിവാദങ്ങളില്‍ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടായെങ്കിലും കോവിഡ് കാലത്തും ബ്രകസിറ്റ് വെല്ലുവിളികളിലും വിജയകരമായി ഭരണം കൈയ്യാളിയതിന്റെ ക്രഡിറ്റാണ് വരദ്കര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്രക്‌സിറ്റും കോവിഡും വരദ്കറിന്റെ ഭരണാധികാരിയെന്ന നിലയിലുള്ള ശേഷി പുറത്തു കൊണ്ടുവന്നിരുന്നു. വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ശക്തമായി മുന്നോട്ടു നയിച്ചു.അതിനിടെ വീണ്ടും ഡോക്ടറായി രജിസ്റ്റര്‍ ചെയ്തു.രാജ്യത്തെ നയിക്കുന്നതിനിടയിലും ആഴ്ചയില്‍ ഒരിക്കല്‍ ജോലിക്കെത്തി.
ബ്രക്‌സിറ്റിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രൂപം കൊണ്ട പ്രതിസന്ധി മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചേര്‍ന്ന് പരിഹരിച്ചതും വരദ്കറുടെ നേട്ടമായി.എന്നാല്‍ പുറത്തായിട്ടും യു കെയുടെ ഭരണ പ്രവിശ്യയായ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഇ യുവിന്റെ ഭാഗമായി തുടരുന്നത് പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
രേഖ ചോര്‍ത്തലും നിശാക്ലബും
അതിനിടെ, സര്‍ക്കാര്‍ രേഖ ചോര്‍ത്തി സുഹൃത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദവും അന്വേഷണവും ഡബ്ലിനിലെ ഗേ നിശാക്ലബിലെ പ്രകടനവുമെല്ലാം വരദ്കറെ വിവാദനായകനാക്കി. രേഖ ചോര്‍ത്തല്‍ കേസില്‍ നിന്നും ഒഴിവായെങ്കിലും അത് വരദകറുടെ പൊതു ജീവിതത്തിന് സംഭവിച്ച കളങ്കമായാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കായ ആളുകള്‍ കണ്ട വരദ്കറുടെ നിശാക്ലബ് വീഡിയോയും ഭരണാധികാരിയ്ക്ക് ചേര്‍ന്നതായില്ലെന്ന അഭിപ്രായമുള്ളവരേറെയാണ്. എന്നാല്‍ എല്ലാവരും മുന്‍വിധിയിലാണ് ജീവിക്കുന്നതെന്നു പറഞ്ഞ് ആക്ഷേപത്തെ ലഘൂകരിക്കുന്ന നിലപാടാണ് വരദ്കര്‍ സ്വീകരിച്ചത്.
വരദ്കര്‍ ;വ്യക്തിയും ജീവിതവും
വാട്ടര്‍ഫോഡിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള ഒരു നഴ്‌സായിരുന്നു വരദ്കറുടെ അമ്മ, അച്ഛന്‍ മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരനായ ഡോക്ടര്‍ അശോക് വരദ്കറും. ഡബ്ലിനിലായിരുന്നു വരദ്കറുടെ ജനനം.ആരോഗ്യമന്ത്രിയാകാനാണ് ആഗ്രഹമെന്ന്് ഏഴാം വയസ്സില്‍ കുട്ടി വരദ്കര്‍ പറഞ്ഞിരുന്നതായി അമ്മയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി.പൊതു പ്രാക്ടീസിന് പോയെങ്കിലും രാഷ്ട്രീയത്തിലും സജീവമായി .2007ല്‍ ഡബ്ലിന്‍ വെസ്റ്റില്‍ ഫിനഗേലിന്റെ പ്രതിനിധിയായി.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് മുമ്പ് 2015ല്‍ സ്വവര്‍ഗാനുരാഗിയാണ് താനെന്ന് വരദ്കര്‍ പരസ്യമായി വെളിപ്പെടുത്തി. കാര്‍ഡിയോളജിസ്റ്റായ മാത്യു ബാരറ്റാണ് ഇദ്ദേഹത്തിന്റെ പങ്കാളി. ഈ തുറന്നു പറച്ചില്‍ ഇദ്ദേഹത്തിന്റെ മൈലേജ് കൂട്ടിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.