ബ്രിട്ടൻ : ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് അടുത്ത വർഷം മെയ് ആറിനു നടക്കുന്ന കിരീടധാരണ ചടങ്ങിലേക്കു ഇളയ പുത്രൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാൻ മാർക്കിളിനെയും ക്ഷണിക്കുമെന്നു ബക്കിങ്ങാം കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ചു 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തു. ഹാരിയും മെഗാനും 'നെറ്ഫ്ളിക്സി'ൽ വെളിപ്പെടുത്തിയ കൊട്ടാര രഹസ്യങ്ങൾ ബ്രിട്ടനെ ഞെട്ടിച്ചതിനാൽ ഇരുവർക്കും ക്ഷണം ഉണ്ടാവില്ലെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
/sathyam/media/post_attachments/8TYFiwyOWXNfX2AgdFDq.jpg)
കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ചു പത്രം പറഞ്ഞത്: "രാജാവിന്റെ മകനാണ് ഹാരി. അദ്ദേഹം എക്കാലത്തും മകനെ സ്നേഹിച്ചിട്ടുണ്ട്. കാര്യങ്ങൾ സങ്കീർണമായിട്ടുണ്ടെങ്കിലും വാതിൽ ഇപ്പോഴും തുറന്നു തന്നെയാണ് കിടക്കുക."
ഹാരിയുടെ വരാനിരിക്കുന്ന ആത്മകഥ 'സ്പെയർ' വലിയ ഒച്ചപ്പാട് ഉണ്ടാക്കുമെന്ന ആശങ്കയുണ്ടെങ്കിലും ചാൾസിന്റെ നിലപാടിൽ മാറ്റം വരില്ലെന്ന് അവർ പറയുന്നു.
കിരീടധാരണത്തിനു ക്ഷണിക്കേണ്ടവരുടെ പട്ടിക പൂർത്തിയായിട്ടില്ല.
'നെറ്റ്ഫ്ലിക്സി'ൽ ഒന്നാം സ്ഥാനത്തായ പരമ്പരയിൽ ഹാരിയും മെഗാനും ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മെഗാന്റെ മാതാവ് കറുത്ത വർഗക്കാരി ആയതിനാൽ കൊട്ടാരത്തിൽ ചിലർ
അവരെ അവഹേളിച്ചു എന്ന ആരോപണം നേരത്തേയുണ്ട്. അതേ തുടർന്നാണ് ഹാരിയും മെഗാനും യുഎസിലേക്കു താമസം മാറ്റിയത്.
'നെറ്റ്ഫ്ലിക്സി' ലെ ഏറ്റവും പുതിയ ഭാഗത്തിൽ അവർ പറഞ്ഞത് കിരീടാവകാശി വില്യം ഹാരിയെ കുറിച്ച് മോശപ്പെട്ട വാർത്തകൾ പത്രങ്ങൾക്കു ചോർത്തി കൊടുത്തു എന്നാണ്. അനുജനെ പുറത്താക്കാൻ ജ്യേഷ്‌ഠൻ ശ്രമിച്ചെന്നും.
യുഎസിലേക്കു പോകുന്നു എന്നു പറഞ്ഞപ്പോൾ ചാൾസും വില്യമും തന്റെ നേരെ ആക്രോശിച്ചെന്നു ഹാരി പറഞ്ഞു. "എന്റെ പിതാവ് ആക്രോശിച്ചത് എനിക്ക് കഠിനമായി. സത്യമല്ലാത്ത കാര്യങ്ങൾ അദ്ദേഹം വിളിച്ചു പറഞ്ഞു. എന്റെ അമ്മൂമ്മ മിണ്ടാതെ കേട്ടിരുന്നു."
1997 ൽ 'അമ്മ ഡയാന മരിച്ച ശേഷം ചാൾസ് തന്നെ കൈവിട്ടെന്നു ഹാരി പറഞ്ഞു.
ബക്കിങ്ങാം കൊട്ടാരം ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഹാരിയെയും മെഗാനെയും കിരീടധാരണത്തിനു വിളിക്കരുതെന്നു ചില രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.