ന്യൂയോർക്ക് : അമേരിക്കയിലെ നൂറോളം സ്റ്റാർബക്‌സ് സ്റ്റോറുകളിൽ ജീവനക്കാർ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം നീളുന്ന പണിമുടക്ക് ആരംഭിച്ചു. കമ്പനിയുടെ ചരിത്രത്തിൽ ഇത്ര വ്യാപകമായ ഒരു പണിമുടക്ക് ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
സ്റ്റാർബക്‌സ് വർക്കേഴ്സ് യുണൈറ്റഡ് ആണ് സമരം നയിക്കുന്നത്. 270 ഇടങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ജയിച്ച സംഘടനയാണിത്. ഏതാണ്ട് 7,000 ജീവനക്കാർ അവരുടെ നിയന്ത്രണത്തിലുണ്ട്.
തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരേയാണു സമരമെന്നു ഒക്ളഹോമയിൽ യൂണിയൻ നേതാവ് കോളിൻ പോളിറ്റ് പറഞ്ഞു. ദേശീയ തൊഴിൽ ബന്ധ ബോർഡ് കമ്പനിക്കെതിരെ 900 ആരോപണങ്ങൾ ശരി വച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്കാലത്തു സ്റ്റാർബക്‌സ് ഗിഫ്റ്റ് കാർഡുകൾ വാങ്ങരുതെന്നു യൂണിയൻ ജനങ്ങളോട് അഭ്യർഥിച്ചു. ഈ സാമ്പത്തിക വർഷം ഗിഫ്റ്റ് കാർഡുകളിൽ നിന്ന് $212 മില്യൺ പിരിച്ച കമ്പനി ആ പണം എന്തു ചെയ്തെന്നു വെളിപ്പെടുത്തിയിട്ടില്ല.
മാസച്യുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. "മാസച്യുസെറ്റ്സിലും രാജ്യമൊട്ടാകെയും ശബ്ദമുയർത്തുന്ന തൊഴിലാളികളോടൊപ്പം ഞാൻ നിൽക്കുന്നു," അവർ പറഞ്ഞു. "ഈ മൂന്നു ദിവസത്തേക്കു നമുക്കു സ്റ്റാർബക്‌സിൽ നിന്ന് ഒന്നും വാങ്ങാതിരിക്കാം," ന്യു യോർക്ക് ഡിസ്‌ട്രിക്‌ട് 16 റെപ്. ജമാൽ ബൗമാൻ പറഞ്ഞു.
നവംബറിൽ ഒരു സമരം സംഘടിപ്പിച്ച ശേഷം സ്റ്റാർബക്‌സ് യൂണിയനെ വേട്ടയാടുകയാണെന്നു പരാതിയുണ്ട്. സിയാറ്റിലിൽ യുണിയൻ ആരംഭിച്ച ആദ്യത്തെ കട അവർ പൂട്ടി.