ന്യൂയോർക്ക് : ഇക്കൊല്ലത്തെ ഫ്ലൂ സീസണിൽ ഒന്നരക്കോടി ആളുകൾ രോഗബാധിതരായെന്നു സി ഡി സിയുടെ പുതുക്കിയ കണക്കുകൾ കാണിക്കുന്നു. വെള്ളിയാഴ്ച ലഭ്യമാക്കിയ കണക്കുകൾ അനുസരിച്ചു ഒന്നര ലക്ഷം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫ്ലൂ മൊത്തത്തിൽ ഉയർന്ന തോതിൽ വ്യാപിക്കുന്നുണ്ടെങ്കിലും പലേടത്തും കുറയുന്നുമുണ്ട്. കഴിഞ്ഞ ആഴ്ച 23,500 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഒൻപതു കുട്ടികൾ ഇൻഫ്ലുവെൻസ മൂലം ഈയാഴ്ച മരിച്ചു. ഈ സീസണിൽ മൊത്തം 30 കുട്ടികളാണു മരണമടഞ്ഞത്.
ലോസ് ആഞ്ചലസ് കൗണ്ടിയിൽ, അതിനിടെ, ആശുപത്രികളിൽ കിടക്കയില്ലാത്ത സ്ഥിതിയായി എന്നു കൗണ്ടി പൊതുജനാരോഗ്യ ഡയറക്ടർ ബാർബറ ഫെറർ പറഞ്ഞു. 90 ആശുപത്രികളിലായി 242 കിടക്കകൾ മാത്രമേ ഇപ്പോൾ ഒഴിവുള്ളൂ.
കഴിഞ്ഞ നാലു വർഷം ഡിസംബറിൽ കണ്ടതിൽ ഏറ്റവുമധികം രോഗികൾ ഇപ്പോൾ ഈ ആശുപത്രികളിൽ ഉണ്ടെന്നു അവർ പറഞ്ഞു. കോവിഡ്, ഫ്ലൂ, ആർ എസ് വി കേസുകളാണ് എത്തുന്നത്. കോവിഡ് വ്യാപനം കൗണ്ടിയിൽ വളരെ ഉയർന്നു നിൽക്കയാണെന്നു ഫെറർ പറഞ്ഞു.