ന്യൂയോർക്ക് : അമേരിക്ക അതിശൈത്യ ദിനങ്ങൾ നേരിടുന്നു. കഴിഞ്ഞ ആഴ്ച തെക്കു തീരങ്ങൾ തോറും ആഞ്ഞടിച്ച ശീതക്കാറ്റും
വടക്കു സമതലങ്ങളിലെ ഹിമവാതവും കൂടി രാജ്യത്തിൻറെ പല ഭാഗങ്ങളിലും പൂജ്യത്തിനു താഴെ എത്തുന്ന ശൈത്യം കൊണ്ടു വരും.
വെള്ളിയാഴ്ച രാവിലെ മുതൽ കടുത്ത തണുപ്പ് പ്രതീക്ഷിക്കാം എന്നാണ് പ്രവചനം. അത് അടുത്തയാഴ്ചയും തുടരും. തണുപ്പു കൂടിയ കാറ്റും വരും.
ന്യു യോർക്കിൽ മഞ്ഞു പുതച്ച ക്രിസ്മസ് കാത്തിരിക്കുന്നവർക്കു കനത്ത ശീതക്കാറ്റിന്റെ ഭീഷണിയുണ്ട്. ഏറ്റവും തിരക്കേറുന്ന യാത്രാ ദിനങ്ങളിൽ കാറ്റു വലിയ പ്രശ്നമാവാം. വടക്കു കിഴക്കു ശീതക്കാറ്റ് ഒഴിവുകാല വാരാന്തത്തിലേക്കു നീണ്ടു പോകാം. നഗരത്തിൽ എത്രമാത്രം മഞ്ഞു വീഴുമെന്നു പ്രവചിക്കാനാവില്ലെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മഴയും ഉണ്ടാവാം. ക്രിസ്മസ് എത്തുന്ന വാരാന്തത്തോടെ കാലാവസ്ഥാ ദുരിതം എത്താമെന്ന ഭീതിയും ന്യായമാണ്.
ബഫലോയിലും സിറാക്യൂസിലും വെള്ളിയാഴ്ച മുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. ക്രിസ്മസ് യാത്രകളെ പരിമിതപ്പെടുത്തേണ്ടി വരാമെന്ന പ്രശ്നമുണ്ട്. ഡിസംബർ 23നും ജനുവരി രണ്ടിനും ഇടയിൽ 11 കോടിയിലേറെ ആളുകൾ വീട്ടിൽ നിന്നും 50 മൈൽ അകലെ വരെയെങ്കിലും യാത്ര ചെയ്യുമെന്നാണ് എ എ എ പ്രതീക്ഷിക്കുന്നത്. ഒട്ടനവധി പേർ സ്വയം വാഹനം ഓടിച്ചാവും പോവുക. വിമാന ടിക്കറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്, നിരക്കുകളും കൂടി.
അടുത്ത വെള്ളിയാഴ്ചയും ശനിയാഴ്ചയും യാത്ര ഏറ്റവും ബുദ്ധിമുട്ടാവാം എന്ന് എ എ എ പറഞ്ഞു. ന്യു യോർക്ക് മേഖലയിൽ കൊടുംകാറ്റ് അടിക്കാൻ ഇടയുള്ള ദിവസങ്ങൾ.
ശനിയാഴ്ച കാലത്തു ന്യു യോർക്ക് ഉണരുമ്പോൾ പല മേഖലകളിലും ഒരടിയിലേറെ കനത്തിൽ മഞ്ഞു വീണിരുന്നു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി നഷ്ടമായി. വെർമണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിലും ആ പ്രശ്നമുണ്ട്.