ന്യൂയോർക്ക് : രാജ്യാന്തര സാങ്കേതിക തട്ടിപ്പു സംഘത്തിൽ പെട്ട അഞ്ചു ഇന്ത്യൻ പുരുഷന്മാരും ഒരു സ്ത്രീയും യുഎസിലും കാനഡയിലും നിയമത്തെ നേരിടുന്നു. 20,000ത്തിലേറെ ഇരകളിൽ നിന്നായി കോടികളാണ് ഇവർ തട്ടിച്ചെടുത്തതെന്നു യുഎസ് അറ്റോണി ഫിലിപ്പ് ആർ. സെലിംഗെർ പറഞ്ഞു.
ഡൽഹിയിൽ നിന്നുള്ള ഗഗൻ ലാംബ (41) ഹർഷദ് മദൻ (34), ഒന്റാരിയോയിൽ നിന്നുള്ള ജയന്ത് ഭാട്ടിയ (33), ഫരീദാബാദിൽ നിന്നുള്ള വികാഷ് ഗുപ്‌ത (33) എന്നിവരുടെ മേൽ ഇന്റർനെറ്റ് വഴി ഒട്ടനവധി തട്ടിപ്പുകൾ നടത്തിയ കുറ്റം ചുമത്തി.
ലാംബ, മദൻ, ഭാട്ടിയ എന്നിവർക്കൊപ്പം ന്യു യോർക്ക് റിച്ച്മണ്ട് ഹില്ലിൽ നിന്നുള്ള കുൽവീന്ദർ സിംഗിന്റെയും (34) മേൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കുറ്റവും ചുമത്തി.
ആറാം പ്രതി ന്യു ജേഴ്‌സി എഡിസണിലെ മേഘ്ന കുമാർ (50) ആണ്. നിയമവിരുദ്ധമായി വസ്തുവകകൾ സമ്പാദിച്ച കേസിൽ അവർ കഴിഞ്ഞയാഴ്ച കുറ്റം സമ്മതിച്ചു.
2012 മുതൽ പത്തു വർഷമായി തട്ടിപ്പു സംഘം സജീവമായിരുന്നുവെന്നു സെലിംഗെർ പറഞ്ഞു. മുതിർന്ന വ്യക്തികളായിരുന്നു അവരുടെ ഇരകളിൽ അധികവും. അവരെ സമീപിച്ചു അവരുടെ കമ്പ്യൂട്ടറിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ആദ്യത്തെ അഭ്യാസം. കമ്പ്യുട്ടറിൽ പോപ്പ്-അപ്പ് വിൻഡോകളിലൂടെയാണ് സന്ദേശം എത്തിക്കുക. പിന്നീട് പ്രശ്നം പരിഹരിക്കാൻ ചെയ്യാത്ത റിപ്പയറിന്റെ പേരിൽ ലക്ഷങ്ങൾ പിടുങ്ങും. ഡെസ്ക്‌ടോപ്പിൽ തന്നെ പണം നൽകാനുള്ള ലിങ്ക് എത്തിച്ചിരുന്നു.
ആഗോള വ്യാപകമായി തട്ടിപ്പു നടത്തിയെന്നു സെലിംഗെർ പറഞ്ഞു. എന്നാൽ യുഎസ്, കാനഡ, ഇന്ത്യ എന്നീ
രാജ്യങ്ങളിൽ ആയിരുന്നു കൂടുതലും. 20,000 പേരിൽ നിന്ന് ഒരു കോടി ഡോളറിലേറെ തട്ടിച്ചതായി തെളിവ് കിട്ടിയിട്ടുണ്ട്.
ഡിസംബർ 14നു ഇന്ത്യയിൽ മദനെയും ഗുപ്തയെയും അറസ്റ്റ് ചെയ്തു. ലംബായെ കിട്ടിയില്ല. യുഎസ് അഭ്യർഥന മാനിച്ചു കാനഡ ഭാട്ടിയയെ അറസ്റ്റ് ചെയ്തു.
ന്യു യോർക്കിലെ വീട്ടിൽ നിന്നാണ് സിംഗിനെ പിടിച്ചത്. ന്യുവാർക് ഫെഡറൽ കോടതിയിൽ ഡിസംബർ 14 നു ഹാജരാക്കി. ജഡ്ജ് മൈക്കൽ ഹമ്മർ $100,000 ഡോളറിന്റെ ജാമ്യത്തിലാണ് വിട്ടത്.
ഇന്റർനെറ്റിലെ തട്ടിപ്പിന് ശിക്ഷിക്കപ്പെടുന്നവർക്കു 20 വർഷം വരെ തടവും $250,000 പിഴയും ലഭിക്കാം. കള്ളപ്പണം വെളുപ്പിച്ചാൽ 20 വർഷം തടവും അഞ്ചു ലക്ഷം ഡോളർ വരെ പിഴയും കിട്ടും.