കാനഡ: കാനഡയിലെ സറേയിൽ കഴിഞ്ഞയാഴ്ച കുത്തേറ്റു മരിച്ച സിക്ക് വനിത ഹർപ്രീത് സിംഗിന്റെ (40) ഭർത്താവ് നവീന്ദർ ഗില്ലിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വീട്ടിൽ ഡിസംബർ 7നു കത്തിക്കു കുത്തിയ നിരവധി മുറിവുകളുമായി ചോര വാർന്നു കിടന്ന ഹർപ്രീതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/post_attachments/TlNdMUpsWZO3lZYtZkHo.jpg)
മൂന്നു കുട്ടികളുടെ അമ്മയായ ഹർപ്രീതിനെ നവീന്ദർ തന്നെ കൊലപ്പെടുത്തി എന്നാണ് നിഗമനം. കരുതിക്കൂട്ടി ആസൂത്രണം ചെയ്യാത്ത കൊലപാതകം എന്ന നിലയിലാണ് പൊലീസ് അതിനെ കാണുന്നത്. ഗില്ലിനെ കൊല നടന്ന രാത്രിയിൽ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും അറസ്റ്റ് ചെയ്തു കുറ്റം ചുമത്തി.
വീട്ടു വഴക്കാവാം കൊലയിലേക്കു നയിച്ചതെന്നു പൊലീസ് കരുതുന്നു. അത്തരം കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണുമെന്നു പൊലിസ് പറഞ്ഞു. കാരണം അത്തരം സംഭവങ്ങളുടെ പ്രത്യാഘാതം കുടുംബത്തിലും സുഹൃത്തുക്കളിലും ഒതുങ്ങുന്നതല്ല. അത് സമൂഹത്തെ തന്നെ ബാധിക്കും.
ഹർപ്രീതിന്റെ കുടുംബത്തിന് ഇന്ത്യയിൽ നിന്ന് വരാൻ സഹായിക്കുന്നതിനു ഗോഫണ്ട്മി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. "ഹർപ്രീതിന്റെ മാതാപിതാക്കളും സഹോദരനും ഇന്ത്യയിലാണ്. അവർ ആകെ തകർന്ന നിലയിലാണ്," ഗോഫണ്ട്മി സൈറ്റിൽ പറയുന്നു. $20,000 ലക്ഷ്യമിട്ടതിൽ പകുതിയോളം പിരിഞ്ഞു കിട്ടി.
കുട്ടികളുടെ ഭാവിയെ കുറിച്ച് ഹർപ്രീതിന്റെ മാതാപിതാക്കൾ ആശങ്കയിലാണ്. അവർക്കു വേണ്ടി നിയമോപദേശം തേടാനും നീക്കമുണ്ട്.