ന്യൂയോർക്ക് : അമേരിക്കയിലെ 49 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾ 2021 ൽ നാട്ടിലേക്കു $89.4 ബില്യൺ (8,940 കോടി രൂപ) അയച്ചുവെന്നു വേൾഡ് ബാങ്ക് കണക്കുകൾ ഉദ്ധരിച്ചു പുതിയൊരു പഠനം പറയുന്നു. 2011നു ശേഷം ഇന്ത്യൻ വംശജരായ പ്രവാസികൾ അയക്കുന്ന പണത്തിൽ 46% വർധന ഉണ്ടായെന്നും വാഷിംഗ്‌ടണിലെ ദ മൈഗ്രെഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
മെക്സിക്കൻ അമേരിക്കൻ പൗരന്മാർ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കുടിയേറ്റക്കാർ ഇപ്പോൾ ഇന്ത്യൻ വംശജരാണ്. ചൈനക്കാരും ഫിലിപ്പിനോകളും അതിനു പിന്നിലാണ്. യൂറോപ്പിൽ നിന്നുള്ളവർക്കു മുൻഗണന നൽകിയിരുന്ന നിയമം 1965 ൽ യുഎസ് കോൺഗ്രസ് പരിഷ്കരിച്ച ശേഷമാണ് ഈ വളർച്ച ഉണ്ടായത്.
രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇന്ത്യയിൽ നിന്നു വന്നവർ ഏറിയ കൂറും പ്രഫഷണൽ യോഗ്യതകൾ ഉള്ളവരോ യുഎസ് കോളജുകളിലും വാഴ്സിറ്റികളിലും പഠിക്കാൻ വന്നവരോ ആണ്. ഉയർന്ന തൊഴിൽ മികവുള്ള വിദേശ തൊഴിലാളികൾക്കു നൽകുന്ന എച്-1 ബി താൽക്കാലിക വിസകൾ ഏറ്റവുമധികം
കിട്ടുന്നത് ഇന്ത്യക്കാർക്കാണ്. 2021 ൽ യുഎസ് നൽകിയ എച്-1 ബി വിസകളിൽ 74% അവർക്കാണു ലഭിച്ചത്. ചൈനക്കാർക്കു 12% കിട്ടിയപ്പോൾ കാനഡയിൽ നിന്ന് വിസ കിട്ടി വന്നവർ വെറും 1% മാത്രം.
2021-22ൽ ഇന്ത്യയിൽ നിന്നുള്ള 199,200 പേർ യുഎസിൽ പഠിക്കാൻ എത്തി. മൊത്തം വന്ന 948,500 പേരിൽ 21%. ഏറ്റവും കൂടുതൽ ചൈനയിൽ നിന്നായിരുന്നു -- 31%. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ അഞ്ചിൽ നാലു പേർക്കു ബിരുദമെങ്കിലും ഉണ്ട്. മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും കൂടുതൽ വരുമാനം ഇന്ത്യക്കാരുടെ ഇടത്തരം കുടുംബങ്ങളിൽ ഉണ്ട്. 2015-19 കാലത്തെ യുഎസ് സെൻസസ് കണക്കനുസരിച്ചു ഏറ്റവും കൂടുതൽ പേർ കലിഫോണിയയിലാണ് ജീവിക്കുന്നത് -- 20%. ടെക്സസിൽ 11%, ന്യൂ ജഴ്‌സിയിൽ 10%. ന്യു യോർക്കും ഇല്ലിനോയിയും കൂടി 13%.
കൗണ്ടികൾ എടുത്താൽ കലിഫോണിയിയിലെ സാന്താ ക്ലാരയിലാണ് ഏറ്റവുമധികം ഇന്ത്യക്കാർ ഉള്ളത്. മിഡിൽസെക്സ് (ന്യൂ ജഴ്‌സി), അലമേട, ലോസ് ആഞ്ചലസ് (കലിഫോണിയ), കുക്ക് (ഇല്ലിനോയി) എല്ലാം കൂടി ഇന്ത്യൻ കുടിയേറ്റക്കാരിൽ 17% ഉണ്ട്.
നഗരങ്ങളിൽ ന്യു യോർക്ക്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്‌കോ, സാൻഹോം, ഡാളസ് എന്നിവിടങ്ങളിലായി മൊത്തം 35% ഇന്ത്യൻ വംശജരുണ്ട്.
ഇംഗ്ളീഷിലുള്ള പ്രാവീണ്യം ഇന്ത്യക്കാർക്കു മുതൽക്കൂട്ടാണ്.