ട്രംപിനെയും കൂട്ടാളികളെയും ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യണമെന്നു കോൺഗ്രസ് അന്വഷണ സമിതിയുടെ ശുപാർശ

author-image
athira kk
New Update

ന്യൂയോർക്ക് : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കൂട്ടാളികളെയും ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യണമെന്നു ജനുവരി 6 കലാപം അന്വേഷിച്ച യുഎസ് കോൺഗ്രസ് സമിതി ശുപാർശ ചെയ്തു. ഇരു കക്ഷികൾക്കും പ്രാതിനിധ്യമുള്ള കമ്മിറ്റി അടുത്ത ജനുവരി 3 നു പുതിയ കോൺഗ്രസ് നിലവിൽ വരുന്നതോടെ ഇല്ലാതാവുമെങ്കിലും ഈ ശുപാർശകൾ വച്ചു നീതിന്യായ വകുപ്പിന് (ഡി ഓ ജെ) ട്രംപിനെതിരെ നിയമ നടപടികൾ ആരംഭിക്കാം.
publive-image
ജോ ബൈഡനോട് തോറ്റ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കാൻ വിസമ്മതിച്ച ട്രംപ്, അതിനെ അട്ടിമറിക്കാൻ വേണ്ടി തട്ടിപ്പു നടന്നു എന്ന ആരോപണം ഉയർത്തി കലാപം സംഘടിപ്പിക്കയും യുഎസ് കോൺഗ്രസ് ആസ്ഥാനം ആക്രമിക്കാൻ സായുധ അനുയായികളെ ഇളക്കി വിടുകയും ചെയ്തു എന്നതാണ് അന്വേഷണ വിധേയമായ കുറ്റം. 

Advertisment

കലാപത്തിനു വേണ്ടി ക്രിമിനൽ ഗൂഢാലോചന നടത്തി. കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു എന്ന കുറ്റം ഇവിടെ ഉയരുന്നു. 

അന്വേഷണ സമിതി അധ്യക്ഷൻ ബെന്നി തോംസൺ (ഡെമോക്രാറ്റ് -- മിസിസിപ്പി) പറഞ്ഞു: "ട്രംപിനു 2020 തിരഞ്ഞെടുപ്പു തോറ്റുവെന്നു ബോധ്യമുണ്ടായിരുന്നു. പക്ഷെ അധികാരത്തിൽ തുടരാൻ അദ്ദേഹം പല ഘടകങ്ങളുള്ള ഒരു പദ്ധതി തയാറാക്കി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും അധികാര കൈമാറ്റം തടയാനും ശ്രമിച്ചു.

"അതിനു വേണ്ടി ഒരു ജനക്കൂട്ടത്തെ വാഷിംഗ്ടണിലേക്കു കൊണ്ടു വന്നു. അവർ സായുധരും രോഷാകുലരും ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ക്യാപിറ്റോളിൽ കടന്നാക്രമണം നടത്താൻ ആഹ്വാനം ചെയ്തു.

"ജനാധിപത്യ രാജ്യം എന്ന നിലയിൽ നമ്മൾ അതിജീവിക്കണമെങ്കിൽ ഇതൊന്നും ഇനി ആവർത്തിക്കാൻ പാടില്ല." 

ഔദ്യോഗിക കൃത്യനിർവഹണം തടയാൻ ഗൂഢാലോചന നടത്തിയതിനു ട്രംപിന്റെ അഭിഭാഷകൻ ആയിരുന്ന ജോൺ ഈസ്റ്മാനെയും ശിക്ഷിക്കണമെന്നു കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഈ കുറ്റങ്ങളിൽ പങ്കാളികളായ മറ്റു ട്രംപ് സഹായികളെയും കമ്മിറ്റി ചൂണ്ടിക്കാട്ടി. 

2020 തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന് ഇപ്പോഴും തെളിവില്ലാതെ ആവർത്തിക്കുന്ന ട്രംപ് 2024ൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൊള്ളക്കാരുടെയും തെമ്മാടികളുടെയും സംഘമെന്ന് കമ്മിറ്റിയെ വിളിക്കുന്ന ട്രംപ് തിരഞ്ഞെടുപ്പിൽ തനിക്കെതിരായ നിയമനടപടി ആയുധമാക്കുമെന്നു ഉറപ്പാണ്.
അറ്റോണി ജനറൽ മെറിക് ഗാർലാൻഡ് ആണ് നിയമനടപടികൾ തീരുമാനിക്കേണ്ടത്. ട്രംപിനെതിരായ അന്വേഷണങ്ങൾ നയിക്കാൻ പ്രമുഖ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിനെ ഗാർലാൻഡ് കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. 

ഏഴു ഡെമോക്രാറ്റുകളും രണ്ടു റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. വിചാരണകളിൽ ട്രംപ് ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും ജനുവരി 6 നു ആക്രമിക്കപ്പെട്ട ഓഫീസർമാരും ഉൾപ്പെടെ  ആയിരത്തിലേറെ സാക്ഷികൾ മൊഴി നൽകി. പത്തു മൊഴികൾ വ്യാപകമായ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 

സമിതിയുടെ പൂർണ റിപ്പോർട്ട് ബുധനാഴ്ച പുറത്തു വിടും. തിങ്കളാഴ്ച പുറത്തു വിട്ട 154 പേജ് റിപ്പോർട്ടിന്റെ
ചുരുക്കമാണ്.

Advertisment