തിരുവനന്തപുരം : അരക്കെട്ടിലുണ്ടാകുന്ന വേദന പലരും എല്ലുകളുടെ പ്രശ്നമായിട്ടാണ് കരുതാറുള്ളത്. എന്നാല്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ തോതും അരക്കെട്ടില്‍ വേദനയുണ്ടാക്കാം. കൊളസ്ട്രോള്‍ തോതും അരക്കെട്ടില്‍ വേദനയുണ്ടാക്കാം. കൊളസ്ട്രോള്‍ തോത് ശരീരത്തില്‍ വര്‍ധിക്കുമ്പോൾ അവ രക്തധമനികളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങുകയും ഇത് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്.
അരക്കെട്ടിലെയും പിന്‍ഭാഗത്തെയും പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഈ പ്രദേശങ്ങളില്‍ വേദനയുണ്ടാക്കുന്നത്. ഈ പേശികള്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോൾ വേദന കടുത്തതാകും. ചെറിയ ശാരീരിക അധ്വാനം പോലും വേദനയുണ്ടാക്കി തുടങ്ങുമ്പോൾ ഒരു ഡോക്ടറെ കാണാന്‍ സമയമായി എന്ന് അനുമാനിക്കാം. വെറുതെ ഒന്ന് നടക്കാനിറങ്ങിയാല്‍ പോലും ചിലപ്പോള്‍ വേദനയുണ്ടായെന്ന് വരാം. പൃഷ്ഠ ഭാഗത്തേക്കും തുടകളിലേക്കും കാലിന്‍റെ പിന്‍വശത്തേക്കും ഈ വേദന പടരുന്നതാണ്. വേദനയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. രക്തത്തിലെ കൊളസ്ട്രോളിന്‍റെ തോത്, ഇവ അടിഞ്ഞുകൂടിയിരിക്കുന്ന ഇടം എന്നിവയെല്ലാം വേദനയെ സ്വാധീനിക്കും.
വേദനയ്ക്ക് പുറമേ കാലിലെ ചര്‍മത്തിന്‍റെയും നഖങ്ങളുടെയും നിറം മാറുന്നതും പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്‍റെ ലക്ഷണമാണ്. കാലിലെ രോമങ്ങള്‍ കൊഴിയുന്നതും കാലിന് മരവിപ്പ് തോന്നുന്നതും നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നതും കാലിലെ മുറിവുകള്‍ കരിയാതെ ഇരിക്കുന്നതും ലൈംഗിക ഉദ്ധാരണശേഷിക്കുറവും കാലിലെ പേശികള്‍ ചുരുങ്ങുന്നതുമെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ മറ്റ് സൂചനകളാണ്.
വറുത്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, കേക്ക്, ബിസ്കറ്റ് പോലുള്ള ബേക്കറി പലഹാരങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണം, പാമോയില്‍ അടങ്ങിയ വിഭവങ്ങള്‍, ക്രീം, ബട്ടര്‍ എന്നിവയെല്ലാം കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കും. ഭക്ഷണത്തില്‍ അതാത് കാലത്ത് സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ഉള്‍പ്പെടുത്താന്‍ കൊളസ്ട്രോള്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണത്തിന് പുറമേ നിത്യവുമുള്ള വ്യായാമവും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും.