വാഷിങ്ടണ്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരാതിയാണ് ഡോക്ടര്‍മാരുടെ പ്രിസ്ക്രിപ്ഷന്‍ സാധാരണക്കാര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റാത്തത്ര മോശം കൈയക്ഷരത്തിലായിരിക്കുമെന്ന്. എല്ലാവരും അങ്ങനെയല്ലെങ്കിലും ആ പരാതി തീര്‍ത്തും അടിസ്ഥാനരഹിതവുമല്ല.
ഇപ്പോഴിതാ ഗൂഗ്ള്‍ വഴി ഈ പരാതിക്കു പരിഹാരമാകുന്നു. എത്ര വിചിത്രമായ കൈയക്ഷരമായാലും ഗൂഗ്ള്‍ ലെന്‍സ് മുഖേന വായിച്ചെടുക്കാമെന്നാണ് അവകാശവാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കുറിപ്പടികളില്‍ നിന്ന് മരുന്നിന്റെ പേര് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗ്ള്‍ ഇന്ത്യ റിസര്‍ച് ഡയറക്ടര്‍ മനീഷ് ഗുപ്ത പറഞ്ഞു. എന്നാല്‍, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വസ്തുക്കള്‍, മൃഗങ്ങള്‍, ചെടികള്‍ അടക്കമുള്ളവ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഗൂഗ്ള്‍ ലെന്‍സിനെ അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതാക്കി മാറ്റുകയാണിവിടെ ചെയ്യുന്നത്.