ന്യൂയോർക്ക് : മിസൂറി ട്രഷറർ ആയി ഇന്ത്യൻ അമേരിക്കൻ വിവേക് മാലെക്കിനെ ഗവർണർ മൈക്ക് പാഴ്സൺ നിയമിച്ചു. സെന്റ് ലൂയിയിൽ അഭിഭാഷകനും ബിസിനസ്‌കാരനുമാണ് മാലെക്ക്. സ്കോട്ട് ഫിറ്സ്പാട്രിക്ക് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇപ്പോഴത്തെ നിയമനം. രണ്ടു വർഷത്തെ കാലാവധി കഴിയുമ്പോൾ മാലെക്ക് 2024 ൽ തിരഞ്ഞെടുപ്പ് നേരിടും.
യാഥാസ്ഥിതിക മൂല്യങ്ങൾ തനിക്കു പ്രിയപ്പെട്ടതാണെന്നു പറഞ്ഞ റിപ്പബ്ലിക്കൻ, അവയിൽ ഊന്നിയാവും കൃത്യനിർവഹണമെന്നു വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വരുമാനം കൈകാര്യം ചെയ്യുന്ന ചുമതല അദ്ദേഹത്തിന്റെ ഓഫീസിനാണ്. ഏതാനും വികസന പദ്ധതികളുടെ മേൽനോട്ടവുമുണ്ട്. സ്കൂളുകളിലെ സ്കോളർഷിപ് പദ്ധതികളും.
മാലെക്ക് അമേരിക്കൻ സ്വപ്നത്തിന്റെ പ്രതീകമാണെന്നു പറഞ്ഞ ഗവർണർ, വെറും 300 ഡോളറുമായാണ് അദ്ദേഹം യുഎസിൽ എത്തിയതെന്നു ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭരണഘടന അനുസരിച്ചു ട്രെഷറർക്കു നാലു വര്ഷം വീതം രണ്ടു തവണ പ്രവർത്തിക്കാം. 2024 ൽ മത്സരിക്കുമെന്നു മാലെക്ക് അറിയിച്ചു.