ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിന്റെ ആറു വർഷത്തെ നികുതി രേഖകൾ പരസ്യമാക്കാൻ ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസിന്റെ വെയ്‌സ് ആൻഡ് മീൻസ് കമ്മിറ്റി ചൊവാഴ്ച തീരുമാനിച്ചു. മിക്കവാറും ബുധനാഴ്ച തന്നെ ഇവ പുറത്തു വന്നേക്കും.
നിരവധി വർഷത്തെ പരിശ്രമത്തിനു ശേഷമാണു കോടതി ഉത്തരവ് നേടി കമ്മിറ്റി ഈ രേഖകൾ കൈക്കലാക്കിയത്. ഹൗസ് ജനുവരി 3നു റിപ്പബ്ലിക്കൻ കൈകളിലേക്കു മാറുന്നതിനു മുൻപ് അവ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം രാഷ്ട്രീയമാണെന്നു റിപ്പബ്ലിക്കൻ നേതാക്കൾ ആക്ഷേപിച്ചു.
രേഖകളിൽ 2015 മുതൽ 2020 വരെയുള്ള ട്രംപിന്റെ നികുതി വിവരങ്ങൾ ഉണ്ടെന്നു കമ്മിറ്റി അംഗമായ റിച്ചാഡ് നീൽ (ഡെമോക്രാറ്റ്-മസാച്യുസെറ്റ്സ്) പറഞ്ഞു. കമ്മിറ്റിയിലെ 24 ഡെമോക്രാറ്റുകൾ തീരുമാനത്തെ അനുകൂലിച്ചപ്പോൾ 16 ജി ഓ പി അംഗങ്ങളും എതിർത്തു.
റിപ്പബ്ലിക്കൻ നേതാവ് കെവിൻ ബ്രാഡി (ടെക്സസ്) പറഞ്ഞു: "ഈ തീരുമാനം ഒരു ഭീകരമായ കീഴ്വഴക്കം സൃഷ്ടിക്കയാണ്. അപകടകരമായ രാഷ്ട്രീയ ആയുധം."
ട്രംപ് എത്രമാത്രം നികുതി വെട്ടിച്ചെന്നു തനിക്കറിയില്ലെന്നു ബ്രാഡി പറഞ്ഞു.
2016ൽ പ്രസിഡന്റ് സ്ഥാനാർഥി ആയതു മുതൽ നികുതി വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമ്മർദം ട്രംപിന്റെ മേൽ വന്നിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. അദ്ദേഹത്തിന്റെ ട്രംപ് ഓർഗനൈസേഷൻ നികുതി വെട്ടിപ്പ് ഉൾപെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തി എന്ന് ന്യു യോർക്കിൽ കോടതി കണ്ടെത്തിയ പശ്ചാത്തലത്തിൽ ഈ രേഖകൾ സുപ്രധാനമാവുന്നു.