സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. അര്‍ബുദരോഗ ബാധ വഷളായ സാഹചര്യമാണുള്ളത്. ഹൃദയത്തിലേക്കും വൃക്കകളിലേക്കും രോഗം പടര്‍ന്നു.
ക്രിസ്മസ് ആഘോഷം വീട്ടിലാക്കുന്നത് പരിഗണിക്കാനാവില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഒരു വര്‍ഷം മുമ്പ് അര്‍ബുദംവന്ന് വന്‍കുടലിന്റെ ഭാഗം നീക്കം ചെയ്ത ശേഷം ഇടവിട്ട് ആശുപത്രി ചികിത്സ തേടി വരികയായിരുന്നു. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ബ്രസീല്‍ നഗരമായ സവോപോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.
ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെ കുറിച്ചും അര്‍ജന്റീന കപ്പുയര്‍ത്തിയതിനെ കുറിച്ചും പെലെ പ്രതികരിച്ചിരുന്നു. അര്‍ജന്റീന ലോകകപ്പ് ജേതാക്കളായ ശേഷം ടീമിന്റെ ചിത്രം പങ്കുവെച്ച് മെസ്സി, എംബാപ്പെ എന്നിവരുടെയും മൊറോക്കോ ടീമിന്റെയും പ്രകടനത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.
വീട്ടിലെ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവെച്ചതായി പെലെയുടെ മകള്‍ കെലി നാസിമെന്റോ ഇന്‍സ്ററയില്‍ കുറിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്ററീന്‍ ആശുപത്രിയിലെ പുതിയ കുടുംബത്തിനൊപ്പം ആഘോഷിക്കാമെന്നാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.