ഡബ്ലിന്‍ : സസ്പെന്‍ഷനിലായിട്ടും സ്‌കൂളിലെത്തി ക്ലാസെടുത്തെന്ന കേസില്‍ മൗണ്ട്ജോയ് ജയിലില്‍ കഴിഞ്ഞ നോക്ക് ബര്‍ക്കിനെ കോടതി വിട്ടയച്ചു.വീണ്ടും ഹൈക്കോടതി ഉത്തരവ് ലംഘിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ജസ്റ്റിസ് ബ്രയാന്‍ ഒമൂര്‍ ഇതു സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്.
വെസ്റ്റ്മീത്തിലെ വില്‍സണ്‍സ് ഹോസ്പിറ്റല്‍ സ്‌കൂളിലെ അധ്യാപകനായിരുന്നു നോക്ക് ബര്‍ക്ക്. ട്രാന്‍സ്‌ജെന്‍ഡറായ ഒരു കുട്ടിയെ സംബോധന ചെയ്യുന്നതു സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ മാനേജ്മെന്റ് നടപടിയെടുത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇദ്ദേഹത്തിന് മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി.എന്നാല്‍ സെപ്തംബര്‍ ആദ്യം ഇതു ലംഘിച്ച് ബര്‍ക്ക് സ്‌കൂളിലെ ക്ലാസുമുറിയില്‍ കയറി.പൂര്‍ണ്ണ ശമ്പളത്തോടെയാണ് സ്‌കൂളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്.എന്നാല്‍ ഇതു ലംഘിച്ചതോടെ അറസ്റ്റിലായ അധ്യാപകനോട് കോടതിയും സ്്കൂളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി.ഈ നിര്‍ദ്ദേശവും ലംഘിച്ചതോടെയാണ് ഇദ്ദേഹത്തെ കോടതി ജയിലിലടച്ചത്.ക്രിസ്മസിന് സ്‌കൂള്‍ അടയ്ക്കുന്നത് മുന്‍നിര്‍ത്തിയാണ് ബര്‍ക്കിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതെന്നാണ് സൂചന.
ജയില്‍ ശിക്ഷയെ അംഗീകരിക്കുന്നില്ലെന്ന നിലപാടിലാണ് ഈ അധ്യാപകന്‍.സെപ്തംബറിലാണ് ഇനോക്ക് ബര്‍ക്ക് ജയിലിലായത്. സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും നിയമവിരുദ്ധമാണെന്നുമാണ് ബര്‍ക്കിന്റെ പക്ഷം.കോടതിയും സ്‌കൂളിന്റെ അഭിഭാഷകനും ഒത്തുകളിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
മനസ്സാക്ഷിക്കും മതവിശ്വാസങ്ങള്‍ക്കും എതിരായ ട്രാന്‍സ്‌ജെന്‍ഡറിസം താന്‍ അംഗീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കരുതിയതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.താല്‍ക്കാലിക മോചനമല്ല ആഗ്രഹിക്കുന്നത്.തന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
വിദ്യാര്‍ഥികള്‍ക്ക് തടസ്സം ശല്യപ്പെടുത്തരുതെന്നത് മാത്രമാണ് സ്‌കൂളിന്റെ ആവശ്യമെന്ന് അഭിഭാഷകര്‍ കോടതിയില്‍ വിശദീകരിച്ചു.ക്രിസ്മസ് അവധിക്കാലത്ത് അത്തരമൊരു ആശങ്കയില്ലെന്ന് അഭിഭാഷകന്‍ റോസ്മേരി മല്ലന്‍ പറഞ്ഞു. അതിനാല്‍ ബര്‍ക്കിനെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ജനുവരി 5 ന് സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നതിലുള്ള ആശങ്കയും ഇവര്‍ അറിയിച്ചു. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും ഇവര്‍ പറഞ്ഞു.പ്രശ്നമുണ്ടാക്കിയാല്‍ വീണ്ടും ജയിലിലാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ജഡ്ജി വിശദീകരിച്ചു.