ടെക്സസ് : അതികഠിനമായ ശൈത്യക്കാറ്റു ടെക്സസിൽ മരം കോച്ചുന്ന തണുപ്പുമായി എത്തുന്നു. ക്രിസ്തുമസ് ദിനങ്ങൾക്കപ്പുറവും കടന്നു പോകുന്ന തണുപ്പായിരിക്കും അതെന്നു കാലാവസ്ഥാ നിരീക്ഷകർ. വ്യാഴാഴ്ച ഉച്ചതിരിഞ്ഞു വടക്കൻ ടെക്സസിൽ മൈനസ് 6 ലെത്തും താപനിലയെന്നു നാഷണൽ വെതർ സർവീസ് പറയുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മൈൽ ആയിരിക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഹ്യുസ്റ്റണിൽ തണുപ്പിൽ നിന്നു രക്ഷയ്ക്ക് ചൂടു നൽകുന്ന അഞ്ചു അഭയകേന്ദ്രങ്ങൾ തുറക്കും. ഓരോ കേന്ദ്രത്തിലും കമ്പിളി പുതപ്പും കുടിവെള്ളവും ഭക്ഷണവും മറ്റും ലഭ്യമാവും.
വൈദ്യുതി പ്രശനം ഉണ്ടാവാൻ സാധ്യതയില്ലെന്നു ഇലക്ട്രിസിറ്റി റിലയബിലിറ്റി കൗൺസിൽ പറഞ്ഞു. 2021 ലെ ശൈത്യ കൊടുംകാറ്റിനേക്കാൾ രൂക്ഷത ഇക്കുറി പ്രതീക്ഷിക്കുന്നു. ഉയർന്ന വൈദ്യുതി ഉപയോഗം ഉണ്ടാവാം. എന്നാൽ അതിനെ താങ്ങാനുള്ള കരുത്തുണ്ടെന്നു സി ഇ ഓ: പാബ്ലോ വെഗാസ് പറഞ്ഞു.
2021 ലെ ശൈത്യ കൊടുംകാറ്റിൽ ടെക്സസിന്റെ വൈദ്യുതി ഗ്രിഡ് തകർന്നു പോയി. സംസ്ഥാനത്തു ആ പ്രകൃതി ദുരിതം 200 പേരുടെ ജീവനെടുത്തു.
അതിശൈത്യ കാറ്റ് പാസിഫിക് നോർത്‌വെസ്റ്റിൽ ചൊവാഴ്ച ആരംഭിച്ചു. ബുധനാഴ്ച അതു റോക്കീസ് കടന്നു. ഗ്രേറ്റ് ലെക്സിൽ അടിച്ച ശേഷം അതു പെട്ടെന്നു വേഗത കൂടുന്ന 'ബോംബ് സൈക്ലോൺ' ആയി മാറും.
വാഷിംഗ്‌ടൺ മുതൽ മെരിലാൻഡ് വരെ ഏഴു കൊടിയിലേറെ ജനങ്ങൾ ശൈത്യത്തിന്റെ പിടിയിലാകും. സീയാറ്റിലിൽ ഫ്‌ളൈറ്റുകൾ റദ്ദാക്കി.
മിഡ്‌വെസ്റ്റിൽ ഡിട്രോയിറ്റ്, ഷിക്കാഗോ വിമാനത്താവളങ്ങളിൽ കനത്ത മഞ്ഞു വീഴാൻ ഇടയുണ്ട്. ജീവന് ഭീഷണിയാവുന്ന കാലാവസ്ഥ എന്നാണ് ഷിക്കാഗോയിലെ താക്കീത്.
കാനഡയിലും ഈ ശൈത്യം ജീവിതം മരവിപ്പിക്കും. വാൻകൂവറിൽ ഫ്ലൈറ്റുകൾ റദ്ദാക്കി.