ന്യൂയോർക്ക് : പതിനാറു യുഎസ് സംസ്ഥാനങ്ങളിലായി 2.4 കോടി വിദ്യാർഥികൾക്കു സിക്ക് മതം എന്താണെന്നു പഠിക്കാൻ അവസരം. യൂട്ടയും മിസിസിപ്പിയും കൂടി സിക്ക് വിശ്വാസത്തെയും ആചാരങ്ങളെയും കീഴ്വഴങ്ങളെയും കുറിച്ചുള്ള പഠനം സാമൂഹ്യപഠനത്തിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചു.
പതിനാലു സംസ്ഥാനങ്ങളിൽ ഈ പഠനം നേരത്തെ നിലവിലുണ്ടായിരുന്നു. യൂട്ടയിൽ 606,000 വിദ്യാർഥികൾക്കും മിസിസിപ്പിയിൽ 457,000 പേർക്കും ഈ വിഷയം ഇനി പഠിക്കാം.
സോൾട് ലേക്ക് സിറ്റിയിൽ ജീവിക്കുന്ന മഞ്ജിത് സിംഗ് പറഞ്ഞു: "എന്റെ കുട്ടികൾക്കു യൂട്ടയിൽ സുരക്ഷിതമായി പഠിക്കാം. ഞങ്ങളുടെ വിശ്വാസത്തെ കുറിച്ച് പഠിക്കാൻ മറ്റുള്ളവർക്കു അവസരം കിട്ടി."
ലോകത്തു അംഗസംഖ്യയിൽ അഞ്ചാം സ്ഥാനത്തു സിക്ക് മതം എത്തിയിട്ടുണ്ട്. അമേരിക്കൻ സമൂഹത്തിനു 125 വർഷത്തിലേറെ അവർ സംഭാവനകൾ നൽകി. പൗരാവകാശം, രാഷ്ട്രീയം, കൃഷി, എഞ്ചിനീറിംഗ്, മെഡിസിൻ എന്നിങ്ങനെ പല വിഭാഗങ്ങളിൽ.
എന്നിട്ടും സിക്കുകാരുടെ സാമൂഹ്യവും ചരിത്രപരവുമായ സംഭാവനകൾ സർക്കാർ പാഠ്യപദ്ധതികളിൽ ഇല്ലാത്ത അവസ്ഥയാണെന്ന് സിക്ക് കോയാലിഷൻ പ്രസ്താവനയിൽ പറഞ്ഞു. അവരുടെ പരിശ്രമം മൂലമാണ് ഇപ്പോൾ പുതിയ തീരുമാനം ഉണ്ടായത്.
മിസിസിപ്പിയിലെ ജാക്‌സണിൽ അംറിക് സിംഗ് പറഞ്ഞു: "പുതിയ പാഠങ്ങൾ ഞങ്ങളുടെ അയൽക്കാരെ ഞങ്ങളുടെ മതത്തെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ലഭിക്കും."
സിക്ക് വിദ്യാർഥികളുടെ മതവും സംസ്കാരവും തെറ്റിദ്ധരിക്കപ്പെട്ടതിനാൽ കുട്ടികൾക്കു സ്കൂളിൽ പീഡനം ഉണ്ടാവാറുണ്ട്. ഈ പഠനം അതിൽ മാറ്റം വരുത്തും എന്നാണ് പ്രതീക്ഷ.