കോവിഡ്, ഫ്ളൂ, ആര്‍ എസ് വി…അയര്‍ലണ്ടാകെ ശീതകാല രോഗങ്ങളുടെ പിടിയില്‍….

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടാകെ ശീതകാല രോഗങ്ങളുടെ പിടിയില്‍. കോവിഡ്, ഫ്ളൂ, ആര്‍ എസ് വി എന്നിവയുള്‍പ്പെടെയുള്ളവയാണ് ആശങ്കപരത്തി വ്യാപിക്കുന്നത്. ഇതിനെ നേരിടുന്നതിനായി നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് ടീ(എന്‍ സി എം ടി)മിന് രൂപം നല്‍കിയിരിക്കുകയാണ് എച്ച് എസ് ഇ.ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുടെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സീനിയര്‍ ആരോഗ്യ വിദഗ്ധരാണ് ടീമിന് നേതൃത്വം നല്‍കുന്നത്.ഈ ആഴ്ചയില്‍ത്തന്നെ എന്‍ സി എം ടി രണ്ടുതവണ യോഗം ചേര്‍ന്നിരുന്നു. ക്രിസ്മസ് കാലയളവിലുടനീളം ടീം സജീവമായി പ്രവര്‍ത്തിക്കുമെന്ന് എച്ച് എസ് ഇ അറിയിച്ചു.
publive-image
ഇന്‍ഫ്ളുവന്‍സയും കോവിഡ് അണുബാധകളും മൂലം വരും നാളുകളില്‍ ആശുപത്രിയിലേയ്ക്ക് ആളുകളുടെ ഒഴുക്കുണ്ടാകാനിടയുണ്ട്.രാജ്യത്തിന്റെ ആരോഗ്യരംഗം ഇതുവരെ കണ്ടിട്ടില്ലാത്തത്ര സമ്മര്‍ദ്ദമായിരിക്കും നേരിടേണ്ടി വരികയെന്ന കണക്കുകൂട്ടലിലാണ് എച്ച് എസ് ഇ.
ശ്വാസകോശ രോഗങ്ങളുടെ വര്‍ധനവാണ് ആശുപത്രികളെയും അത്യാഹിത വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നത് .ഇത് ജി പി , ജി പി ഔട്ട്-ഓഫ്-ഓവര്‍ സേവനങ്ങളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

Advertisment

ജനുവരി ആദ്യത്തോടെ വിന്റര്‍ രോഗങ്ങള്‍ വന്‍തോതില്‍ പടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ വാരത്തില്‍ ഫ്ളൂ ബാധിതരായി മാത്രം 900 പേരെങ്കിലും എത്തിയേക്കാം.ഈ കണക്ക് ഇനിയും ഉയരുമെന്നും കരുതുന്നു.അതേ സമയം,ശ്വാസകോശ സംബന്ധമായ രോഗവ്യാപനം കാരണം 1,200 പേര്‍ ഇതിനകം തന്നെ ആശുപത്രിയില്‍ ഉണ്ട്.കോവിഡ് ബാധിതരായും 656പേര്‍ ആശുപത്രിയിലുണ്ട്. ഇവരില്‍ 26 പേര്‍ ഐസിയുവിലുമാണ്.

ആരോഗ്യ രംഗത്തെ സമ്മര്‍ദ്ദം നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ മുള്‍വാനി പറഞ്ഞു.അര്‍ഹതയുള്ളവരെല്ലാം വാക്സിനെടുക്കണമെന്നും ഇദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡിന്റെ ലക്ഷണങ്ങളുള്ള ആളുകള്‍ ഉത്സവ സീസണില്‍ ക്രിസ്മസ് കുര്‍ബാനകളിലോ മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബ്രെഡ സ്മിത്ത് അഭ്യര്‍ത്ഥിച്ചു.

ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്ത് ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ക്ക് മാനേജര്‍മാരെ ലഭ്യമാക്കുന്നത് ഉറപ്പാക്കണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ ആവശ്യപ്പെട്ടു.അവിശ്വസനീയമായ ബുദ്ധിമുട്ടുകളായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടേണ്ടിവരിക. അതിനാല്‍ സാധ്യമായ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.ഫെബ്രുവരി അവസാനം വരെയെങ്കിലും അധിക ജീവനക്കാരടക്കമുള്ള എല്ലാ റിസോഴ്സുകളും നല്‍കാന്‍ എച്ച് എസ് ഇ തയ്യാറാകണമെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു.

Advertisment