ഡബ്ലിന്‍ : കണക്ടിംഗ് അയര്‍ലണ്ട് പദ്ധതിയിലുള്‍പ്പെടുത്തി അയര്‍ലണ്ടിന്റെ ഗ്രാമീണ മേഖലയിലേയ്ക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകളാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഈമോണ്‍ റയാന്‍.റൂറല്‍ ഐഡിയാസ് ഫോറത്തില്‍ കണക്ടിംഗ് അയര്‍ലണ്ടിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുഗതാഗതവുമായി ബന്ധപ്പെട്ട ഗ്രാമങ്ങളോടുള്ള അവഗണന അവസാനിപ്പിക്കും.പൊതുഗതാഗത സൗകര്യങ്ങള്‍ നഗരത്തിലും ചുറ്റുവട്ടങ്ങളിലും മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- മന്ത്രി പറഞ്ഞു.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എന്‍ടിഎ) കണക്ടിംഗ് അയര്‍ലണ്ട് പഞ്ചവത്സര പദ്ധതിയിലൂടെ ഗ്രാമീണ ലോക്കല്‍ ലിങ്ക് ബസ് സര്‍വീസുകളില്‍ 25 ശതമാനം വര്‍ധനവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 100ലധികം ഗ്രാമങ്ങളിലേയ്ക്ക് പുതിയ ബസ് സര്‍വീസുകളെത്തും.
കെറിയിലെ 13 ഗ്രാമങ്ങളെയാണ് ഈ നെറ്റ് വര്‍ക്കിലേയ്ക്ക് ചേര്‍ത്തിട്ടുള്ളത്. കൗണ്ടിയിലെ എല്ലാ ഭാഗങ്ങളിലേക്കും ബസ്സില്‍ സഞ്ചരിച്ചെത്താനുള്ള അവസരമാണ് ഒരുക്കുക.റിംഗ് ഓഫ് കെറിയുടെ ഭാഗമായ ടു വേ ഡെയ്ലി ബസ് സര്‍വ്വീസായിരിക്കും ഈ പദ്ധതിയുടെ കേന്ദ്ര ബിന്ദുവെന്നും മന്ത്രി വിശദീകരിച്ചു.
ടാര്‍ബെര്‍ട്ട്, ബാലിബ്യൂണിയന്‍ മേഖലകളെ ട്രെലി, ലിമെറിക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനായി നോര്‍ത്ത് കെറിയില്‍ പുതിയ തീരദേശ ബസ് റൂട്ടുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി റയാന്‍ പറഞ്ഞു.