ന്യൂഡല്‍ഹി : ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരെ കോവിഡ് പരിശോധനയ്ക്കും ആവശ്യമെങ്കില്‍ നിരീക്ഷണത്തിനും വിധേയമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചതോടെ അതിനുള്ള എല്ലാ സംവിധാനങ്ങളും ഉടനടി നടപ്പാക്കുമെന്ന് ഉറപ്പായി.യാത്ര ചെയ്യുന്ന
എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ,മാസ്‌ക്ക് ധരിക്കുകയും വേണം.
ഓരോ വിമാനത്തിലും എത്തുന്ന രണ്ടു ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കണം. പരിശോധനയ്ക്ക് വിധേയരാവേണ്ടവരെ റാന്‍ഡം അടിസ്ഥാനത്തില്‍ നിര്‍ദേശിച്ചു നല്‍കേണ്ട ചുമതല വിമാനകമ്പനികള്‍ക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്.
യാത്രയില്‍ പാലിക്കാന്‍
കോവിഡിനെതിരെ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികള്‍ (മാസ്‌കുകളുടെ ഉപയോഗം, അകലം പാലിക്കുന്നത് തുടങ്ങിയവ) സംബന്ധിച്ച അറിയിപ്പ് ഫ്ലൈറ്റുകളിലും യാത്രകളിലും എല്ലാ പ്രവേശന കവാടങ്ങളിലും ഉറപ്പാക്കണം.
യാത്രാവേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാ യാത്രക്കാരനെയും നിശ്ചിത കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസൊലേഷന് വിധേയമാക്കണം – മേല്‍പ്പറഞ്ഞ യാത്രക്കാരെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം. വിമാനത്തിലോ യാത്രയിലോ സഹയാത്രക്കാരില്‍ നിന്ന് ഐസൊലേറ്റ് ചെയ്യണം. യാത്രാനന്തരം തുടര്‍ ചികിത്സയ്ക്കായി ഐസൊലേഷന്‍ സൗകര്യത്തിലേക്ക് മാറ്റണം.
യാത്ര ചെയ്ത് എത്തുന്നവര്‍
ശാരീരിക അകലം ഉറപ്പാക്കി വേണം വിമാനങ്ങളില്‍ നിന്നും മറ്റും യാത്രക്കാരെ പുറത്തിറക്കേണ്ടത്.
എല്ലാ യാത്രക്കാരുടെയും തെര്‍മല്‍ സ്‌ക്രീനിങ് അതാത് സ്ഥലത്ത് നിയോഗിച്ച ആരോഗ്യ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
ഈ സ്‌ക്രീനിങ് വേളയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന യാത്രക്കാരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യണം. ഇവരെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു നിശ്ചിത മെഡിക്കല്‍ സൗകര്യത്തിലേക്ക് കൊണ്ടുപോകണം.
എത്തിച്ചേരുന്നിടത്ത് ഉറപ്പാക്കേണ്ട മറ്റു നിബന്ധനകള്‍
വിമാനത്തിലെ മൊത്തം യാത്രക്കാരുടെ രണ്ടു ശതമാനം പേരെ അവര്‍ എത്തിച്ചേരുമ്പോള്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. ഇതില്‍ നിന്ന് 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗലക്ഷണമുണ്ടെങ്കിലോ, ഇവര്‍ സ്വയം നിരീക്ഷണ കാലയളവിലോ ആണെങ്കില്‍ അവരുടെ പരിശോധന നടത്തുകയും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചികില്‍സ ഉറപ്പാക്കുകയും വേണം.
ഓരോ ഫ്ലൈറ്റിലും ഇത്തരത്തില്‍ പരിശോധനയ്ക്കു വിധേയരാകേണ്ട യാത്രക്കാരെ ബന്ധപ്പെട്ട എയര്‍ലൈനുകള്‍ (വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കി) തിരഞ്ഞെടുക്കും. അവരോടു സാംപിളുകള്‍ സമര്‍പ്പിക്കാനും തുടര്‍ന്ന് വിമാനത്താവളം വിടാന്‍ അനുവദിക്കുകയും ചെയ്യും.
ഇങ്ങനെ യാത്രക്കാരില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍, ആ സാംപിളുകള്‍ ഐഎന്‍എസ്എസിഒജി ലബോറട്ടറി ശൃംഖലയില്‍ ജീനോമിക് പരിശോധനയ്ക്കു വിധേയമാക്കണം.
ഇത്തരത്തില്‍ കോവിഡ് രോഗബാധിതരെന്നു കണ്ടെത്തുന്ന യാത്രക്കാര്‍ക്ക് നിശ്ചിത കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികില്‍സ ഉറപ്പാക്കണം
വന്നെത്തിയ എല്ലാ യാത്രക്കാരും എത്തിച്ചേര്‍ന്ന ശേഷം അവരുടെ ആരോഗ്യം സ്വയം നിരീക്ഷണത്തിനു വിധേയമാക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1075, അഥവാ സ്റ്റേറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ വിവരമറിയിക്കണം.